കൊലക്കേസ് പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും
text_fieldsപ്രതി പോള്‍
ഇരിങ്ങാലക്കുട: അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ ആന്റുവിനെ (56) കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠൻ പോളിനെയാണ് (67) ഇരിങ്ങാലക്കുട അഡീഷനൽ ജില്ല കോടതി ജഡ്ജി എൻ. വിനോദ് കുമാർ ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 22നാണ് സംഭവം.
ആന്റുവിന്റെ വീടിന്റെ തെക്കുഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പോൾ വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗീകമായി മണ്ണിട്ടു മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കതിൽ ഇരുമ്പ് കമ്പികൊണ്ട് ആന്റുവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സജിൻ ശശി, സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒരുവർഷം തടവുകൂടി അനുഭവിക്കണം. പിഴ അടക്കുകയാണെങ്കിൽ തുക കൊല്ലപ്പെട്ട ആന്റുവിന്റെ ഭാര്യക്ക് നൽകണം.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വിജു വാഴക്കാല, അഡ്വക്കേറ്റുമാരായ ജോജി ജോർജ് (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), ശ്രീദേവ് തിലക്, റെറ്റൊ വിൻസന്റ് എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ സി.പി.ഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.