സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥ
text_fieldsക്രൈസ്റ്റ് കോളജ് ജങ്ഷനില്‍ ഉണ്ടായ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്ക് അപകടം
ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ ഗതാഗത നിയമങ്ങൾ തെറ്റിച്ചുള്ള മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നു. ക്രൈസ്റ്റ് കോളജ് ജങ്ഷനില്‍ ബുധനാഴ്ച രാവിലെ ദിശ തെറ്റിച്ച് എത്തിയ ബസിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തലനാരിഴക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്.
തൃശൂർ ഭാഗത്ത് നിന്ന് വന്ന ‘മഹാദേവ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ എതിർദിശയിലേക്ക് കയറ്റുകയായിരുന്നു. ഈ സമയം എതിരെ വന്ന ബൈക്ക് യാത്രികന്റെ വാഹനത്തിൽ ബസ് തട്ടുകയും ബൈക്ക് യാത്രികൻ റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഭാഗ്യവശാൽ, ബസിനടിയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞുവെക്കുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.ഈ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നടത്തുന്ന മത്സരയോട്ടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് യാത്രക്കാർക്കിടയിൽ നിന്നും ഉയരുന്നത്.