വൈദ്യുതി ലൈന്‍ പൊട്ടിവീണു; എട്ട് വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു
text_fieldsഅവിട്ടത്തൂര്‍ മാവിന് ചുവടിനു സമീപം സേവ്യറിന്റെ വീട്ടിലെ വൈദ്യുതി
ഉപകരണങ്ങള്‍ കത്തിനശിച്ച നിലയില്‍
ഇരിങ്ങാലക്കുട: വൈദ്യുതി കമ്പി പൊട്ടിവീണതോടെ എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അവിട്ടത്തൂര്‍ മാവിന് ചുവടിനു സമീപത്തെ എട്ടു വീടുകളിലെ ഉപകരണങ്ങളാണ് കത്തി നശിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. പുത്തന്‍പീടിക വീട്ടില്‍ സേവ്യറിന്റെ വീട്ടിലാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്.
എ.സി പൊട്ടിത്തെറിക്കുകയും വീടിനുള്ളിലെ കമ്പ്യൂട്ടറും കട്ടിലും കാമറയും കത്തിനശിക്കുകയും ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ജനാലചില്ലുകള്‍ ചിന്നിച്ചിതറുകയും ഫാനുകള്‍ താഴെ വീഴുകയുമായിരുന്നു. ആദ്യം ബള്‍ബ് ഉരുകിവീഴുന്നത് കണ്ട് വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുകളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടത്.
ഇരിങ്ങാലക്കുടയില്‍ നിന്ന് അഗ്നിരക്ഷാസേന സംഘം എത്തി തീയണക്കുകയായിരുന്നു. സേവ്യറിന്റെ ഭാര്യ ജ്യോതി, മക്കളായ വില്‍മ, റൈസ എന്നിവര്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് സേവ്യറിന് സംഭവിച്ചിട്ടുള്ളത്.
നങ്ങിണി ജോര്‍ജിന്റെ വീട്ടിലെ വാഷിങ് മെഷീന് മോട്ടോര്‍ എന്നിവ കത്തി നശിച്ചു. ജോസ് പെരേപ്പാടന്റെ വാഷിങ് മെഷീന്, വിന്‍സന്റ് കോനിക്കരയുടെ ടി.വി, ഇഗ്നേഷ്യസ് പെരേപ്പാടന്റെ മോട്ടോര്‍, സജി പെരേപ്പാടന്റെ സ്പീക്കര്‍, രാജപ്പന് തെക്കാനത്തിന്റെ മോട്ടോര്‍, നയന ഷിജുവിന്റെ മോട്ടോര്‍ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.
വൈദ്യുതിയുടെ അമിത പ്രവാഹമാണ് തീപിടിത്തത്തിനും വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിക്കുന്നതിനും കാരണം. ഈ പ്രദേശത്തെ ന്യൂട്രല്‍ ലൈന്‍ കമ്പി പൊട്ടിവീണതോടെ വീടുകളിലേക്കുള്ള കണക്ഷനില്‍ വൈദ്യുതി അമിതമായി പ്രവഹിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പര്‍ രണ്ടിലെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.