ഓഹരി വ്യാപാരം: 50 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ഓഹരി വ്യാപാരത്തിന്റെ പേരിൽ 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കടുപ്പശ്ശേരി പേങ്ങിപ്പറമ്പിൽ പി.കെ. അലക്സിൽനിന്ന് ഷെയർ ട്രേഡിങ്ങിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂർ സ്വദേശി നവീൻകുമാനെ (24) ആണ് റൂറൽ തൃശൂർ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
നവീൻ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണം ഉൾപ്പെട്ട എട്ടു ലക്ഷം രൂപ ക്രെഡിറ്റ് ആയതിനെ തുടർന്നാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരിൽ മലപ്പുറം ജില്ലയിലെ അരീക്കോടും താനൂരും ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ കിണ്ണത്ത് കടവ്, നാമക്കൽ എന്നീ സ്റ്റേഷനുകളിലുമായി ആറു പരാതികളുണ്ട്.
റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. സുജിത്ത്, ഗ്രേഡ് എസ്.ഐമാരായ ടി.എൻ. അശോകൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


