ബാർ ജീവനക്കാരനെ കുപ്പികൊണ്ട് തലക്കടിച്ച പ്രതി പിടിയിൽ
text_fieldsപ്രണവ്
ഇരിങ്ങാലക്കുട: ബാറിലെ സെയിൽസ്മാനെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടൂരിലെ ബാറിൽ ജോലി ചെയ്യുന്ന എടതിരുത്തി വെസ്റ്റ് സ്വദേശിയായ കൊല്ലാറ വീട്ടിൽ മോഹൻലാലിനെ (66) കൊല്ലാൻ ശ്രമിച്ച കേസിൽ കാട്ടൂർ മുനയം സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ പ്രണവിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണവും സുഹൃത്തും കൂടി മദ്യപിച്ച ശേഷം പണം കൊടുക്കാതെ പുറത്തു പോയി. അരമണിക്കൂറിന് ശേഷം വീണ്ടുമെത്തി മദ്യം ചോദിച്ചപ്പോൾ ആദ്യം കഴിച്ച മദ്യത്തിന്റെ തരാൻ ആവശ്യപ്പെട്ടു. ഇതോടെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവിടെയുണ്ടായിരുന്ന സോഡ കുപ്പി എടുത്ത് മോഹൻലാലിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രണവിന് കാട്ടൂർ, കയ്പമംഗലം, ആളൂർ, കൊടകര പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസും നാല് അടിപിടിക്കേസും ഭീഷണിപ്പെടുത്തിയതിന് രണ്ട് കേസും ലഹരി ഉപയോഗിച്ചതിന് എട്ട് കേസുകളും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിന് രണ്ട് കേസും ഉണ്ട്.