കാട്ടൂർ ലക്ഷ്മി കൊലക്കേസ്: പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഏഴിന്
text_fieldsകാട്ടൂർ ലക്ഷ്മി കൊലക്കേസിൽ കോടതി കുറ്റക്കാരെന്ന്
കണ്ടെത്തിയ പ്രതികള്
ഇരിങ്ങാലക്കുട: കാട്ടൂർക്കടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർക്കടവിലെ വാടകക്ക് താമസിക്കുന്ന വീടിന് മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്മിയെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂർ നന്തിലത്തുപറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36), ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷഷൻസ് കോടതി ജഡ്ജി എൻ. വിനോദ് കുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ഏഴിന് നടക്കും.
ദർശൻകുമാർ, രാകേഷ് എന്നിവർ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐമാരായ ആർ. രാജേഷ്, കെ. സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ പി. ജയകൃഷ്ണൻ, എസ്.സി.പി.ഒമാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇൻസ്പെക്ടർ വി.വി. അനിൽകുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും അഞ്ച് രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, മുൻ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. പി.ജെ. ജോബി, അഡ്വ. എബിൽ ഗോപുരൻ, അഡ്വ. പി.എസ്. സൗമ്യ എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ സി.പി.ഒ ലെയ്സൺ ഓഫിസർ സി.പി.ഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


