നഗരസഭ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് ഇനി കുടുംബശ്രീക്ക്
text_fieldsഇരിങ്ങാലക്കുട നഗരസഭ ടേക്ക് എ ബ്രേക്ക് കെട്ടിടം
ഇരിങ്ങാലക്കുട: മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ‘ബ്രേക്ക്’. 2022 ഡിസംബറിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരന്റെ ബന്ധു വാടകക്ക് എടുത്ത് 2024 ൽ ആരംഭിച്ചെങ്കിലും അഞ്ച് മാസത്തിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.
വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ടേക്ക് എ ബ്രേക്ക് ഇരിങ്ങാലക്കുടയിലും ആരംഭിച്ചത്. ടോയ്ലറ്റ് സൗകര്യങ്ങളും കഫറ്റേരിയും അടക്കമുള്ള രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് 20 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
പിന്നീട് വാട്ടർ ടാങ്കുകൾക്കും ബോർവെൽ സംവിധാനത്തിനുമായി 2023 - 24ൽ നാല് ലക്ഷം രൂപ കൂടി ചിലവഴിച്ചു. മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതി അടച്ചിടുന്നത് ശരിയല്ലെന്ന വിമർശനം ഉയർന്നതോടെ ടോയ്ലറ്റ് സൗകര്യങ്ങൾ മാത്രം ഉറപ്പാക്കി കൊണ്ട് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
എന്നാൽ പദ്ധതിയുടെ പ്രവർത്തനം ഏതാനും ദിവസങ്ങളായി സജീവമല്ലെന്നും കുടുംബശ്രീയെ എല്പിക്കാനാണ് പുതിയ തീരുമാനമെന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ശുചിമുറി സൗകര്യങ്ങളും കഫറ്റേരിയയും ഒക്ടോബർ പത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് കുടുംബശ്രീ അധികൃതരും അറിയിച്ചു.


