ഇരിങ്ങാലക്കുട സീറ്റിൽ മത്സരിക്കുന്ന കാര്യം മുന്നണി തീരുമാനിക്കും -രമേശ് ചെന്നിത്തല
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയമസഭ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യം എപ്പോഴും ഉയരുന്നതാണെന്നുംഎന്നാൽ കോൺഗ്രസ് ഒറ്റക്കല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത് മുന്നണിയാണല്ലോ എന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഈ ആവശ്യവുമായി പലരും സമീപിക്കാറുണ്ട്. കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് തറപ്പിച്ച് പറയുന്നില്ല. വരട്ടെ, സമയമുണ്ടല്ലോ’. ഇരിങ്ങാലക്കുടയിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽനിന്ന് സീറ്റ് എറ്റെടുത്ത് കോൺഗ്രസ് മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർഥ്യങ്ങൾ കാണാൻ കഴിയാത്ത മുഖ്യമന്ത്രിയും പാർട്ടിയുമാണ് കേരളം ഭരിക്കുന്നതെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തിന് മറുപടിയായി കോൺഗ്രസ് നേതാവ് പറഞ്ഞു. കെ.പി.പി.സി സെക്രട്ടറി സോണിയഗിരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽകുമാർ, ഡി.സി.സി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർലി, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൽഹഖ്, പി.കെ. ഭാസി, മുൻ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ, തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്. ദാസൻ, ശ്രീലക്ഷ്മി മനോജ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.


