ജില്ലയിലെ ആദ്യ ഐ.എ.എസ് പരിശീലന കേന്ദ്രം ഇരിങ്ങാലക്കുടയിൽ
text_fieldsഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ ജില്ലയിലെ ആദ്യ ഐ.എ.എസ് പരിശീലന കേന്ദ്രം ഇരിങ്ങാലക്കുടയിൽ ജനുവരി 10ന് ഉദ്‌ഘാടനം ചെയ്യും. രാവിലെ 11.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള(സി.സി.ഇ.കെ) ഡയറക്ടർ ഇഷിതാ റോയ് അധ്യക്ഷത വഹിക്കും.
സി.സി.ഇ.കെയുടെ ആഭിമുഖ്യത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം. നിലവിൽ ബിരുദ-ബിരുദാനന്തര ബിരുദ പഠനം തുടരുന്ന വിദ്യാർഥികൾക്കും, പഠനം പൂർത്തിയാക്കിയവർക്കും വേണ്ടിയുള്ള പ്രിലിംസ് ക്രാഷ് കോഴ്‌സുകളോടെയാണ് പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങുക.
കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന് ഇരിങ്ങാലക്കുടയിൽ ഉപകേന്ദ്രമായി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ മലയാള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തുപ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന്റെ സബ് സെന്റർ ഉദ്‌ഘാടനം 10ന് ഉച്ചക്ക് മൂന്നരക്ക് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.
കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന്റെ ഉപകേന്ദ്രത്തിൽ സ്പോക്കൺ ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ആദ്യം ആരംഭിക്കുന്നത്. എസ്.എൻ നഗറിലെ എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ ഓഫിസ് കെട്ടിടത്തിലാണ് കോഴ്‌സുകൾ നടക്കുക.


