ഇരിങ്ങാലക്കുട സ്റ്റേഷന് നിരന്തര അവഗണന; ട്രെയിൻ യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്
text_fieldsഇരിങ്ങാലക്കുട: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്. അമൃത് പദ്ധതിയും കോവിഡ് കാലത്ത് നിർത്തലാക്കിയ അഞ്ച് ട്രെയിനുകൾ പുനഃസ്ഥാപിക്കലും സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പുകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.
2023 മാർച്ച് 23 നാണ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫി ഷോപ്പിനായി ഉടൻ ടെൻഡർ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
വിഷയത്തിൽ സജീവമായി ഇടപെടുമെന്ന് മന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നതായി അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. 2024 ഡിസംബർ വരെ സമയം അധികൃതർ ആവശ്യപ്പെട്ടതായും അസോസിയേഷൻ പറയുന്നു. കഴിഞ്ഞ ദിവസത്തെ കേന്ദ്രബജറ്റിലും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയിൽ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചിട്ടില്ല. ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ മൂന്ന് സ്റ്റേഷനുകൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള വസ്തുതയും ഇരിങ്ങാലക്കുടയിൽനിന്നുള്ള യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാം പാഴായ സാഹചര്യത്തിലാണ് സമരപരിപാടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
വിപുലമായ സമരപ്രഖ്യാപന കൺവെൻഷൻ ഉടൻ വിളിച്ചുചേർക്കാനും നിരന്തര സമരപരിപാടികളിലേക്ക് നീങ്ങാനുമാണ് കല്ലേറ്റുംകര ഫാ ആൻഡ്രൂസ് ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യാത്രക്കാരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ രക്ഷാധികാരിയും ഐ.എൻ. ബാബു, ബാബു തോമസ്, പി. സി. സുഭാഷ്, ടി.സി. അർജുനൻ എന്നിവർ ഭാരവാഹികളായും കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.