കുടിവെള്ള പൈപ്പ് പൊട്ടൽ: റോഡിലെങ്ങും വെള്ളം
text_fieldsകാക്കാത്തിരുത്തി പള്ളി വളവിൽ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്ത് നാട്ടുകാർ വാഴ നട്ട് അപകട സൂചന നൽകിയിരിക്കുന്നു
കയ്പമംഗലം: മഴ പെയ്തില്ലെങ്കിലും എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ നിറഞ്ഞൊഴുകുന്ന വെള്ളം മറികടന്ന് വേണം ലക്ഷ്യസ്ഥാനത്തെത്താൻ. വർഷങ്ങളായി കടുത്ത വേനലിൽ പോലും ഇതൊരു പതിവ് കാഴ്ചയാണ്. ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം വരെ കുടിവെള്ളവിതരണം നടത്തുന്ന നാട്ടിക ഫർക്ക ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകളാണ് വ്യാപകമായി പൊട്ടി റോഡിൽ കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ ഇടങ്ങളിലെല്ലാം നാട്ടുകാർ വാഴ നട്ടും ചൂണ്ടയിട്ടും പ്രതിഷേധങ്ങൾ കടുപ്പിച്ചിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
കയ്പമംഗലം ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ചളിങ്ങാട് അമ്പലനടയിലും കാക്കാത്തിരുത്തി പള്ളി വളവിലുമാണ് നിലവിൽ പൈപ്പ് പൊട്ടിയിട്ടുള്ളത്. ഒരാഴ്ചയോളമായി രണ്ടിടത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്. പക്ഷേ, അറ്റകുറ്റപ്പണികൾ നടത്താൻ ഇതുവരെ അധികൃതരെത്തിയിട്ടില്ല. ഇതോടെ റോഡിൽ കനത്ത വെള്ളക്കെട്ടാണ്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ അപകട സാധ്യതയുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ചെന്ത്രാപ്പിന്നി സി.വി സെന്ററിലും ചളിങ്ങാട് പള്ളി നടയിലും പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം ശക്തമായി പുറത്തേക്കൊഴുകിയിരുന്നു. സി.വി സെൻററിന് സമീപമുള്ള വീടിന് മുന്നിൽ വെള്ളക്കെട്ടുണ്ടായതോടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതരെത്തി അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. കടുത്ത വേനലിൽ ശുദ്ധജലം ലഭ്യമല്ലാതിരുന്ന അവസ്ഥയിൽ പോലും പൈപ്പുകൾ പൊട്ടുന്നത് കുടിവെള്ള വിതരണം ദിവസങ്ങളോളം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു. കാലഹരണപ്പെട്ട പ്രിമോ പൈപ്പുകളായതിനാൽ അമിതമർദ്ദം താങ്ങാനാവാതെയാണ് പൈപ്പുകൾ പൊട്ടുന്നതെന്നാണ് അധികൃതരുടെ ന്യായീകരണം. അതിനാൽ ഒരിടത്ത് ചോർച്ചയടക്കുമ്പോഴേക്കും മറ്റൊരു ഭാഗത്ത് പൊട്ടുന്ന സ്ഥിതിയാണുള്ളത്. ഏതായാലും കുടിവെള്ളം ഇങ്ങനെ പാഴായി പോകുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.