Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightരക്തക്കളമായി ദേശീയപാത;...

രക്തക്കളമായി ദേശീയപാത; മനസ്സ് വിറങ്ങലിച്ച് രക്ഷാപ്രവർത്തകർ

text_fields
bookmark_border
രക്തക്കളമായി ദേശീയപാത; മനസ്സ് വിറങ്ങലിച്ച് രക്ഷാപ്രവർത്തകർ
cancel

കയ്പമംഗലം: ‘കഴുത്തറ്റ് രക്തം വാർന്ന നിലയിൽ ഒരാൾ, വയർ പിളർന്ന് കുടൽമാല പുറത്തു തള്ളിയ നിലയിൽ മറ്റൊരാൾ. കൈയും കാലും അറ്റുപോകാറായ നിലയിലുള്ളവർ. ചോരയിൽ കുളിച്ച മനുഷ്യരെയാണ് കാറിനുള്ളിൽ കണ്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ പോലും എന്തു ചെയ്യണമെന്നറിയാതെ മനസ്സു തകർത്ത കാഴ്ച. തുണി ചേർത്തുപിടിച്ചാണ് ഓരോരുത്തരെയായി ആംബുലൻസിലേക്ക് കയറ്റിയത്’’ -അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയവരിൽ ഒരാളായ ഓട്ടോ ഡ്രൈവർ നസറുദ്ദീന് ആ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽനിന്ന് മായുന്നില്ല. മൂന്നുപീടികയിലെ ഹോട്ടലിൽനിന്ന് രാത്രി ഭക്ഷണം കഴിച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടവിവരം അറിയുന്നത്. ഉടൻ സ്ഥലത്തെത്തിയപ്പോൾ കാർ ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

കാറിനുള്ളിൽ ചോരയിൽ കുളിച്ച നിലയിലുള്ളവരെയാണ് കണ്ടതെന്ന് നസറുദ്ദീൻ പറഞ്ഞു. അപകടശബ്ദം കേട്ട് പരിസരവാസികൾ സ്ഥലത്തെത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥയായിരുന്നു. കാർ ലോറിക്കിടയിലേക്ക് ഏറെ ദൂരം ഇടിച്ചുകയറിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തുടർന്ന് നസറുദ്ദീനും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കാറിനുള്ളിലുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

ലോറി മുന്നോട്ടേക്ക് മാറ്റിയ ശേഷമാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുക്കാനുള്ള നടപടി ആരംഭിച്ചത്. ആറുപേരെ ഉടൻ മാറ്റാൻ കഴിഞ്ഞു. ഇവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേരെ അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേയാണ് മരണത്തിന് കീഴടങ്ങിയത്. രാത്രിയോടെ എട്ടു പേരുടെയും മൃതദേഹങ്ങൾ എട്ട് ആംബുലൻസുകളിലായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചരക്ക് ലോറി പാർക്കിങ്ങ് ലൈറ്റ് പോലും ഇടാതെയാണ് റോഡിൽ കിടന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹാർട്ട് ബീറ്റ്സ് കയ്പമംഗലം, മിറാക്കിൾ പുതിയകാവ്, സൈറക്സ് പുന്നക്കുരു ബസാർ, മിറാക്കിൾ ചെന്ത്രാപ്പിന്നി, എസ്.വൈ.എസ് മതിലകം, ലൈഫ് ലൈൻ ചളിങ്ങാട്, ശിഹാബ് തങ്ങൾ ചളിങ്ങാട്, എം.എച്ച്.എം ചളിങ്ങാട് തുടങ്ങിയ ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽനിന്ന് ഇപ്പോഴും മുക്തരാകാനാകാത്ത അവസ്ഥയിലാണ് രക്ഷാപ്രവർത്തകരും പ്രദേശവാസികളും.

Show Full Article
TAGS:Kaipamangalam accident road safety Kerala Thrissur 
News Summary - Kaipamangalam Road Accident: 8 Dead After Car Rams into Parked Lorry
Next Story