മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടാനുള്ള സർവേ നടപടികൾക്ക് തുടക്കം
text_fieldsമൂന്നുപീടിക ജങ്ഷൻ വീതി കൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി ഇ.ടി. ടൈസൺ എം.എൽ.എ സംസാരിക്കുന്നു
കയ്പമംഗലം: മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടുന്നതിനുള്ള സർവേ നടപടികൾ ആരംഭിച്ചു. മൂന്നുപീടിക സെൻററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടിയെന്നോണമാണ് മൂന്നുപീടികയിൽനിന്ന് ഇരിങ്ങാലക്കുട റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതി കൂട്ടുന്നത്.
ഇതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട സെക്ഷൻ സർവേ നടപടി ആരംഭിച്ചു. ഇരിങ്ങാലക്കുട റോഡിലേക്ക് പ്രവേശിക്കുന്നിടത്തുനിന്ന് 65 മീറ്റർ ഭാഗത്താണ് വീതി കൂട്ടുന്നത്. നിലവിൽ ഏഴ് മീറ്ററോളം വീതിയുള്ള റോഡ് 12 മീറ്റർ മുതൽ 16 മീറ്റർ വരെ വീതി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, ശോഭന രവി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.