കരിങ്ങോൾച്ചിറ സ്ലൂയിസ് ലിഫ്റ്റ് കം ബ്രിഡ്ജ്; പാലം യാഥാർഥ്യമായെങ്കിലും തടയണ നിർമിച്ചില്ല
text_fieldsപുത്തന്‍ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മാരേക്കാട് ഭാഗത്തെ ജലസ്രോതസ്സ്
മാള: പുത്തന്‍ചിറ കരിങ്ങോൾച്ചിറ സ്ലൂയിസ് ലിഫ്റ്റ് കം ബ്രിഡ്ജ് പദ്ധതിയിൽ പാലം യാഥാർഥ്യമായെങ്കിലും തടയണ നിർമാണം നടത്തിയില്ല. കരിങ്ങോൾച്ചിറയിലുള്ള സ്ലൂയിസും പഞ്ചായത്ത് ഓരോ വര്‍ഷവും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയും വഴിയാണ് പുത്തന്‍ചിറയിലെ ശുദ്ധജല സ്രോതസ്സിലേക്ക് ഉപ്പുവെള്ളം കയറാതെ തടയുന്നത്. സ്ലൂയിസ് നിര്‍മിക്കുന്നതോടെ ഇവക്ക് പരിഹാരം കാണാനാവും.
വേലിയേറ്റത്തിൽ പലപ്പോഴും കുടിവെള്ള സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറുന്ന സാഹചര്യമുണ്ട്. കാര്‍ഷിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കും. രണ്ട് കിലോമീറ്റര്‍ താഴെയുള്ള നെയ്തക്കുടിയില്‍ റെഗുലേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ അംഗീകരിച്ചതായറിയുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഉപ്പുവെള്ള ഭീഷണി പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് രൂപം നല്കിയ പദ്ധതി സ്വപ്നങ്ങളില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്. വഴുക്കലിച്ചിറ മുതല്‍ കരിങ്ങോള്‍ച്ചിറ വരെ ആറു കിലോമീറ്റര്‍ ദൂരമാണ് പദ്ധതി പ്രദേശം.
നിലവില്‍ മഴക്കാലത്ത് പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ ധാരാളം ഒഴുകിയെത്തും. സംഭരണശേഷി കുറവാണിവിടെ, ജലം കരിങ്ങോള്‍ച്ചിറ വഴി ഒഴുകി പോവുകയാണ്. പുത്തന്‍ചിറ ജലസ്രോതസ്സിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഒഴുകി പോകുന്ന വെള്ളം തടഞ്ഞ് നിര്‍ത്തി കൃഷിക്ക് ഉപയോഗപ്പെടുത്താനാവും. നിലവിലുള്ള ജലസ്രോതസ്സിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കണം.
പാര്‍ശ്വഭിത്തികള്‍ നിർമിച്ച് സംരക്ഷിക്കുന്ന പദ്ധതി സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചതായും സൂചനയുണ്ട്. ജലസ്രോതസ്സിനെ ചാലക്കുടി പുഴയില്‍ നിന്നുള്ള ജലസേചന കനാലുമായി ബന്ധിപ്പിക്കാനാവും. ഇത് വേനല്‍കാലത്തും ജലസമൃദ്ധമാക്കി നിലനിര്‍ത്തുമെന്നാണ് കർഷകർ പറയുന്നത്. പദ്ധതി യാഥാർഥ്യമായാല്‍ പുത്തന്‍ചിറ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഇതോടൊപ്പം കാര്‍ഷിക മേഖലയില്‍ മുന്നേറ്റം നടക്കുമെന്നും പ്രദേശവാസികൾ പറയുന്നു.