നഗര മുഖച്ഛായ മാറ്റും; റെയിൽവേ -കെ.എസ്.ആർ.ടി.സി ആകാശപ്പാത
text_fieldsതൃശൂർ: തൃശൂർ നഗരത്തിന് ഒരു ആകാശപ്പാത കൂടി വരുന്നു. റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെയും ബന്ധിപ്പിച്ചാണ് ആകാശപ്പാത വരുന്നത്. ഇതിനായി ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
കെ.എസ്.ആർ.ടി.സി-റെയിൽവേ സ്റ്റേഷൻ ഫുട് ഓവർ ബ്രിഡ്ജ് നിർമeണത്തിന് മൂന്ന് കോടി എന്നാണ് ബജറ്റിലുള്ളത്. മാസങ്ങൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് തൃശൂരിൽ എത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെയും ബന്ധിപ്പിച്ച് ആകാശപ്പാത വരും എന്ന് അറിയിച്ചിരുന്നു.
ആകാശപ്പാതക്കുവേണ്ടി എം.എൽ.എ ഫണ്ടിൽനിന്നും തുക നൽകുമെന്ന് പി. ബാലചന്ദ്രൻ എം.എൽ.എയും അന്ന് അറിയിച്ചിരുന്നു. റെയിൽവേയുടെ അനുമതി ലഭ്യമായാൽ സ്റ്റേഷന്റെ ഉള്ളിൽനിന്ന് സ്റ്റാൻഡിലേക്ക് ലഗേജുമായി നേരിട്ട് എത്താനാകും വിധം ആയിരിക്കും ആകാശപ്പാത പണിയുക. രണ്ടിടങ്ങളിലും ലിഫ്റ്റും ഉണ്ടാകും. ബജറ്റിൽ പ്രഖ്യാപനം വന്ന സ്ഥിതിക്ക് ഏറെ പ്രതീക്ഷയിലാണ് തൃശൂർ നിവാസികൾ.


