മുത്തം നൽകിയ ജയേട്ടൻ; കണ്ണീരോർമ- കിഷോർ അരവിന്ദൻ
text_fieldsകിഷോർ
അരവിന്ദൻ
മാള: അന്തരിച്ച ഗായകൻ ജയചന്ദ്രൻ മുത്തം നൽകിയതിന്റെ കണ്ണീർ ഓർമയിൽ കിഷോർ അരവിന്ദൻ. മാള അരവിന്ദൻ മകൻ കിഷോറിനെ മുത്തു എന്നാണ് വിളിച്ചിരുന്നത്. അതേ പേരിൽ തന്നെയാണ് ജയേട്ടനും തന്നെ വിളിച്ചിരുന്നതെന്ന് കിഷോർ പറഞ്ഞു. ഒരു രാത്രിയിലാണ് ആദ്യമായി ജയേട്ടനെ കാണുന്നത്. മാളയിലെ വീട്ടിൽ രാത്രി ഒരു ഷോട്ട് ട്രൗസറും ഇട്ട് കാറിൽ വന്നിറങ്ങിയ മനുഷ്യൻ ആരാണെന്ന് മനസ്സിലായിരുന്നില്ല. അച്ഛൻ വാതിൽ തുറന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു സ്വീകരിച്ചു. സെറ്റിയിൽ ഇരുന്നപ്പോഴാണ് ഗായകൻ ജയചന്ദ്രൻ ആണെന്ന് തിരിച്ചറിഞ്ഞത്.
അടുത്ത സുഹൃത്തുക്കളായിരുന്നു മാള അരവിന്ദനും ജയചന്ദ്രനും. ആദ്യകാലത്ത് യുവജനോത്സവ വേദികളിലെ സ്ഥിരം പങ്കാളികളായാണ് ചങ്ങാത്തത്തിന് തുടക്കമിടുന്നത്. മത്സരവേദികളിൽ തബല വായിക്കാൻ അച്ഛനും പാട്ടുപാടാൻ ജയേട്ടനും. പിന്നീട് അവർ ഒന്നിക്കുന്നത് നാടകങ്ങളിലാണ്. അച്ഛൻ തബല വായിക്കുന്ന പല നാടകങ്ങളിലും ജയേട്ടൻ പാടിയിട്ടുണ്ട്. രണ്ടുപേരും രണ്ടു വഴികളിലൂടെ സഞ്ചരിച്ച് സിനിമയിൽ എത്തിയതും അവിടെവച്ച് അവരുടെ സൗഹൃദം വീണ്ടും ഒന്നിച്ചതും അച്ഛൻ എപ്പോഴും പറയുമായിരുന്നു.
ചെന്നൈയിലെ വുഡ് ലാൻഡ്സ് ഹോട്ടലിൽ താമസിക്കുമ്പോൾ അച്ഛൻ ഇടക്ക് എന്നെ കൊണ്ടുപോയിരുന്നു. അവിടെയും രാത്രികാലങ്ങളിൽ ജയേട്ടനും അച്ഛനും തമ്മിൽ ഒരുപാട് നേരം സംഗീത ചർച്ചയിൽ ഇരിക്കാറുണ്ട്. പിന്നീട് പലവട്ടം മാളയിലെ വീട്ടിലെത്തി. മുഹമ്മദ് റഫിയും സുശീലയും ആയിരുന്നു ജയേട്ടന്റെയും അച്ഛന്റെയും ഇഷ്ടഗായകർ. പിന്നീട് ജയേട്ടൻ നാട്ടിൽ ഫ്ലാറ്റ് വാങ്ങി താമസിച്ചു. അച്ഛനെ കാണണമെന്ന് തോന്നുമ്പോൾ നാട്ടിൽ ഉണ്ടെന്നറിഞ്ഞാൽ മാളയിലേക്ക് വരും. അച്ഛൻ പലവട്ടം അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയതായും പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിത്വമായിരുന്നു.
അന്നമനട പരമേട്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് സംഘാടകർ തീരുമാനിച്ചത് ജയേട്ടന് കൊടുക്കാനാണ്. അവാർഡ് നൽകുന്നതിനു ഞാനും ഉണ്ടായിരുന്നു. അവാർഡ് കൊടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ എന്നെ കണ്ടപ്പോൾ മാളയുടെ മകനാണെന്ന് പറഞ്ഞു ചേർത്ത് നിർത്തി മുത്തം നൽകിയത് കണ്ണീർ ഓർമയായി. അസുഖത്തിന്റെ അവശതയിലും അദ്ദേഹത്തെ കാണാൻ പോയത് കിഷോർ ഓർത്തെടുത്തു. ഭൗതികശരീരം കണ്ട് മടങ്ങുകയായിരുന്ന കിഷോർ ‘മാധ്യമ’ത്തോട് അനുഭവം പങ്കുവെക്കുകയായിരുന്നു.