മേളത്തിളക്കത്തിൽ ഷഷ്ഠി നിറവിൽ കിഴക്കൂട്ട്
text_fieldsകിഴക്കൂട്ട് അനിയൻ മാരാർ
തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളപ്രമാണിയായി ഡബ്ൾ റോളിൽ തിളങ്ങിയ അസാധാരണത്വമുള്ള കിഴക്കൂട്ട് അനിയൻ മാരാർക്ക് ഇത്തവണ മേളത്തിലെ അറുപതാം പിറന്നാൾ. തിരുവമ്പാടി പകൽപൂരത്തിന്‍റെ മേള പ്രമാണിയാണ് കിഴക്കൂട്ട് അനിയൻ മാരാർ. 40 വർഷം പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയായി. പിന്നെ പാറമേക്കാവിന്‍റെ പകൽപൂരത്തിന് 2005ൽ പ്രാമാണ്യം വഹിച്ചു. 2012ൽ തിരുവമ്പാടിയുടെ പകൽപൂര പ്രമാണിയായി. 76ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിർപ്പിലേക്കെത്തിക്കുന്ന കൊട്ടിന്‍റെ മാജിക് കിഴക്കൂട്ട് അനിയൻ മാരാർക്ക് സ്വന്തം. അനിയേട്ടനെന്ന് എല്ലാവരും സ്നേഹത്തോടെയും ആദരവോടെയും വിളിക്കുന്ന കിഴക്കൂട്ട് അനിയൻ മാരാർക്ക് മേളംകൊട്ടിന് അറുപതാണ്ടിന്‍റെ പഴക്കവും തഴക്കവുമുണ്ടെങ്കിലും പുതുമ മാറുന്നില്ല ആ കൊട്ടിന്.
തിരുവമ്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് നായ്ക്കനാലിലെത്തി മേളത്തിന് വഴിമാറുമ്പോഴാണ് അനിയൻ മാരാരുടെ മേളം തുടങ്ങുക. പിന്നെ ശ്രീമൂലസ്ഥാനത്തെത്തി മേളം മുറുകുമ്പോൾ മതിൽകെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പെരുവനം മേളം പെരുക്കുന്നുണ്ടാകും. ഇലഞ്ഞിത്തറയിലെ കലാശം കഴിയുമ്പോൾ കിഴക്കൂട്ടിന്‍റെ മുറുക്കമേറുന്നേയുണ്ടാകൂ. ചെണ്ട മാറ്റിവെച്ച് പെരുവനവും ശ്രീമൂലസ്ഥാനത്തെത്തും, കിഴക്കൂട്ടിന്‍റെ മേളം ആസ്വദിക്കാൻ.