കെ.കരുണാകരൻ സ്മാരക സ്റ്റേഡിയം; ഇവിടെ കാടുണ്ട്, പാമ്പുണ്ട്; പക്ഷേ, കളിയില്ല
text_fieldsമാള കെ. കരുണാകരൻ സ്മാരക സ്റ്റേഡിയം
മാള: കെ.കരുണാകരൻ സ്മാരക സ്റ്റേഡിയം കാട് കയറി നശിക്കുന്നു. ഇഴ ജന്തുക്കളുടെ താവളം കൂടിയാണിവിടം. പഞ്ചായത്തിന്റെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എം.എൽ.എ ഓഫിസ് മാർച്ച് നടത്തിയിരുന്നു. ഇതിനു സമീപമാണ് യഹൂദ ശ്മാശാനം സ്ഥിതി ചെയ്യുന്നത്. നാലര ഏക്കറിലാണ് മൈതാനവും ശ്മശാനവും.
സ്റ്റേഡിയം നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആദ്യം മുതലേ പരാതി ഉയർന്നിരുന്നു. ഇതോടെ വിജിലൻസ് പരിശോധനയും നടത്തി. ലക്ഷങ്ങൾ ചിലവഴിച്ചു നിർമാണം നടത്തിയ സ്റ്റേഡിയമാണ് നശിക്കുന്നത്. ജൂതർ വിട്ടു നൽകിയ ഇവിടെ പൈതൃകം തകർത്ത് നിർമാണങ്ങൾ നടത്തരുതെന്ന് പൈതൃക സംരക്ഷണ വേദി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
പുതിയ നിർമാണ പ്രവൃത്തികൾ നടത്താൻ പാടില്ലെന്നും നിർമാണം കഴിഞ്ഞവ തുറന്നു കൊടുക്കാൻ പാടുള്ളതല്ലെന്നുമാണ് പഞ്ചായത്തിന് ലഭിച്ച നിയമോപദേശം. ഇതേതുടർന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് വിളിച്ച യോഗത്തിൽ യഹൂദ ശ്മശാനം സംരക്ഷിക്കുന്നതോടൊപ്പം സ്റ്റേഡിയം നിർമാണ പ്രവർത്തികൾ ആരംഭിക്കാം എന്ന് അന്ന് ധാരണയായി.
നിയമതടസ്സം മാറിയാലുടൻ നിർമാണം ആരംഭിക്കാൻ ശ്രമം നടത്തുമെന്ന് എം.എൽ.എ അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് മാള കെ. കരുണാകരൻ സ്മാരക സ്റ്റേഡിയം ഇതുവരെ നേരിട്ടത്. അതേസമയം, മാള സബ്ജില്ലയിൽ വിദ്യാർഥികൾക്ക് സർക്കാർ കളിക്കളം ഇല്ല. സബ്ജില്ല കായിക മത്സരങ്ങൾ നടത്തുന്നതിന് ചാലക്കുടിയിലെ സ്റ്റേഡിയമാണ് ഉപയോഗിക്കുന്നത്.
മുൻ എം.എൽ.എ. എ.കെ. ചന്ദ്രന്റെ ശ്രമഫലമായാണ് കായിക പ്രേമികളുടെ സ്വപ്നമായി പദ്ധതി വന്നത്. എന്നാൽ സ്റ്റേഡിയത്തിന് കെ. കരുണാകരന്റെ പേര് നൽകിയതിൽ പ്രതിഷേധമുയരുകയും ഒരു സന്ദർഭത്തിൽ കരുണാകരന്റെ പേര് എഴുതിയ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയും ചെയ്തിരുന്നു. നിർമാണം പാതിവഴിയിൽ നിലച്ച സംഭവ ത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.