ആ രാത്രിയിൽ മറഞ്ഞത് രണ്ടു ജീവനുകൾ...; ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് 20 വർഷം
text_fieldsആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ പാര്‍പ്പിച്ച ആദിവാസി കുടുംബങ്ങളെ സാറാ
ജോസഫ്, സി.കെ. ജാനു തുടങ്ങിയവര്‍ സന്ദര്‍ശിച്ചപ്പോള്‍
(ഫയല്‍ ഫോട്ടോ)
കൊടകര: ആനപ്പാന്തം ആദിവാസി ഉന്നതിയിലെ കാടര്‍ കുടുംബങ്ങള്‍ക്ക് ജൂലൈ 14 എന്നും കണ്ണീരോര്‍മയാണ്. ആ രാത്രി തങ്ങളുടെ ജീവിതം മാറ്റിമറിച്ച ദുരന്തത്തിന്റെ ഓര്മ ഇന്നുമുണ്ട് ഇവിടുത്തുകാർക്ക്. 2005 ജൂലൈ 14ന് അര്‍ധരാത്രിയിലാണ് കൊടുംകാടിന് നടുവിലെ ഉന്നതിയെ ഉരുള്‍പൊട്ടല്‍ ദുരന്തം വേട്ടയാടിയത്.
വനത്തിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളവും മണ്ണും രണ്ട് ജീവനും കവര്‍ന്നു. അഞ്ചുവീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിക്കുളങ്ങരക്ക് കിഴക്ക് 17 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലുള്ള ആനപ്പാന്തം ഉന്നതിയില്‍ അന്ന് കാടര്‍ വിഭാഗക്കാരായ 56 കുടുംബങ്ങളാണ് വസിച്ചിരുന്നത്. കാട്ടില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവന്നിരുന്ന ആദിവാസി കുടുംബങ്ങളായിരുന്നു ഇവിടെ താമസം.
മഴ കോരിച്ചൊരിഞ്ഞ ആ രാത്രിയില്‍ അര്‍ധരാത്രിയോടടുത്ത് വലിയൊരു ഇരമ്പം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കൂരിരുട്ടില്‍ പുറത്തിറങ്ങിയവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. ഉറങ്ങിക്കിടന്ന 36 വയസ്സുള്ള ശാരദയുടെയും ഒന്നര വയസ്സുള്ള കുഞ്ഞിന്റെയും ജീവനും കൊണ്ടാണ് മലവെള്ളപ്പാച്ചിൽ കൊണ്ടുപോയത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സുരക്ഷിത താമസത്തിന് പറ്റിയ ഇടമല്ല ആനപ്പാന്തം പ്രദേശമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉന്നതിയിലെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അനിശ്ചിതമായി വൈകി. കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കശുമാവ് തോട്ടത്തിനോട് ചേര്‍ന്നുള്ള വനഭൂമിയില്‍ അധിവാസിപ്പിക്കാനായി അന്നത്തെ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല.
ഇതേതുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കാട്ടിലേക്ക് മടങ്ങിയ ആദിവാസി കുടുംബങ്ങള്‍ ആനപ്പാന്തത്തിനുസമീപത്തെ ചേറങ്കയം വനത്തില്‍ കുടിലുകള്‍ കെട്ടി താമസം തുടങ്ങി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ നീണ്ടുപോയപ്പോള്‍ ആദിവാസി സംരക്ഷണ സമിതി അഡ്വ. എ.എക്സ്. വര്‍ഗീസ് വഴി ഹൈകോടതിയെ സമീപിച്ചു.
ഇതേതുടര്‍ന്ന് ആദിവാസികളുടെ ജീവിത സാഹചര്യത്തെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി അന്നത്തെ ജില്ല ജഡ്ജി കെമാല്പാഷയോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജി കെമാല്‍പാഷ മൂന്നുതവണ ചേറങ്കയം വനത്തിലെത്തി ആദിവാസികളുടെ ജീവിതസാഹചര്യങ്ങളും പ്രയാസങ്ങളും പഠിക്കുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
വാസയോഗ്യമായ വീടും കൃഷിഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കി ആദിവാസി കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിർദേശിച്ചു. അന്നത്തെ എം.എല്‍.എ ആയിരുന്ന പ്രഫ. സി. രവീന്ദ്രനാഥിന്റെ ഇടപെടലും ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് വേഗംകൂട്ടി.
ചേറങ്കയം വനത്തില്‍ അങ്ങിങ്ങായി കെട്ടിയ താല്‍ക്കാലിക കുടിലുകളില്‍ അഞ്ചുവര്‍ഷത്തോളം കഴിഞ്ഞ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ വനാവകാശ നിയമമനുസരിച്ച് ശാസ്താംപൂവം വനപ്രദേശത്ത് ഭൂമി അനുവദിച്ചു.
2010ലാണ് വെള്ളിക്കുളങ്ങരക്ക് ഏഴുകിലോമീറ്റര്‍ അകലെ വനംവകുപ്പിന്റെ തേക്കുമരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലത്ത് ഉന്നതി സ്ഥാപിച്ച് ആദിവാസികളെ പുനരധിവസിപ്പിച്ചത്. ഓരോ കുടുംബത്തിനും വീടും അരയേക്കര്‍ വീതം കൃഷിഭൂമിയും നല്കി. കുടിവെള്ള പദ്ധതി, വൈദ്യുതി, അംഗൻവാടി, കമ്യൂണിറ്റി ഹാള്‍, വനവിഭവ ശേഖരണ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കി.