കൊടകര ദുരന്തം; തകർന്ന കെട്ടിടത്തിനടുത്തെത്താന്‍ വഴിയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി
text_fieldsകെട്ടിടം തകർന്നു വീണതറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നി രക്ഷാസേനയും
കൊടകര: ഇടിഞ്ഞുവീണ കെട്ടിടത്തിനടുത്തേക്ക് എത്താന്‍ വീതിയുള്ള വഴിയില്ലാതിരുന്നത് അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
റോഡരുകിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറകിലുള്ള ഈ കെട്ടടത്തിലേക്ക് ഇടുങ്ങിയ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. ഇതിലൂടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്ന് സമീപത്തെ മതില് പൊളിച്ച് വഴിയുണ്ടാക്കിയ ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിക്കാൻ കഴിഞ്ഞത്.
രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ രണ്ട് പേരെ പുറത്തെടുത്തെങ്കിലും ഒരാൾക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൂന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുക്കാൻ സാധിച്ചത്. അപ്പോഴേക്കും അദ്ദേഹവും മരിച്ചിരുന്നു.
കെ.കെ. രാമചന്ദ്രന് എം.എല്‍.എ, ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് എന്നിവരും വിവിധ സംഘനകളുടെ മുതിര്‍ന്ന നേതാക്കളും സംഭവസ്ഥലത്ത് എത്തി.