22 കിലോ കഞ്ചാവുമായി പിടിയില്‍
text_fieldsഷാജി
കൊടകര: കഞ്ചാവുമായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ലഹരികടത്തുകാരന്‍ പിടിയിലായി. മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജിയാണ് (66) പിടിയിലായത്. ഇയാളില്‍ നിന്ന് 22.5 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
അമ്പതിലേറെ ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒഡിഷയില്‍നിന്നും ട്രെയിന്മാര്ഗവും ബസ് മാര്‍ഗവും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൊടകരയില്‍ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നില്‍ക്കവേയാണ് ഷാജി പൊലീസ് വലയിലായത്. പൊലീസിനെ കണ്ട് ബാഗുകളുമായി ഒളിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്.
കുപ്രസിദ്ധ ലഹരി വ്യാപാരിയായ ബോംബെ തലയന് ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തിലെ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജിയെന്ന് പൊലീസ് അറിയിച്ചു.
2022 നവംബറില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി ഒഡിഷ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടര്‍ന്ന് ഏഴര വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു.
ഈ ശിക്ഷവിധിപ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്നശേഷം അപ്പീല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവ് കടത്തലില് വ്യാപൃതനാവുകയായിരുന്നു. പ്രതിയെ കോടതയില്‍ ഹാജരാക്കി.