ഉടയുന്ന പ്രതീക്ഷകൾ
text_fieldsകൊടകര: ഉടഞ്ഞുപോയ പ്രതീക്ഷകളെക്കുറിച്ചാണ് കൊടകരയിലെ കുംഭാരത്തെരുവിലെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്. മണ്‍പാത്ര നിര്‍മാണ മേഖലയില്‍ മൂന്ന് നൂറ്റാണ്ടായുള്ള കൊടകരയുടെ പെരുമ തലമുറകളായി നിലനിര്‍ത്തിയിരുന്ന ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ കുലത്തൊഴില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ്. മണ്‍പാത്രങ്ങള്‍ വാങ്ങാന്‍ ആളുണ്ടെങ്കിലും നിര്‍മിതിക്കാവശ്യമായ അസംസ്കൃത വിഭവങ്ങള്‍ സമാഹരിക്കാനുള്ള പ്രയാസമാണ് പരമ്പരാഗത തൊഴിലിന് മരണമണി മുഴക്കുന്നത്.
മൂന്ന് നൂറ്റാണ്ട് മുമ്പ് ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് കൊടകര കുംഭാര കോളനിയിലുള്ളവരുടെ പൂര്‍വികര്‍. ക്ഷേത്രങ്ങളിലേക്ക് പൂജാപാത്രങ്ങള്‍ ഉണ്ടാക്കാൻ ബ്രാഹ്മണരാണ് കുംഭാര സമുദായക്കാരെ കൊടകരയിലെത്തിച്ച് താമസിക്കാൻ ഇടം ഒരുക്കിയതെന്ന് പറയുന്നു. ഒരുകാലത്ത് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ കുടുംബങ്ങളിലേക്ക് മണ്‍പാത്രങ്ങള്‍ എത്തിയിരുന്നത് കൊടകരയിലെ കുംഭാര തെരുവില്‍നിന്നാണ്. നൂറിലേറെ വരുന്ന ഇവിടത്തെ മുഴുവന്‍ കുടുംബങ്ങളിലും മണ്‍പാത്ര നിര്‍മാണം നടന്നിരുന്നു. അക്കാലത്ത് സമീപത്തെ പാടങ്ങളില്‍നിന്ന് യഥേഷ്ടം കളിമണ്ണ് ശേഖരിക്കാനും മെനഞ്ഞുണ്ടാക്കുന്ന പാത്രങ്ങള്‍ ചുട്ടെടുക്കാൻ വനത്തില്‍നിന്ന് വിറക് ശേഖരിക്കാനും ഇവര്ക്കാവുമായിരുന്നു.
മണ്‍പാത്ര നിര്‍മാണ തൊഴിലാളി ക്ഷേമത്തിന് 1964ല്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സഹകരണത്തോടെ കൊടകര കുംഭാരത്തെരുവില്‍ സ്ഥാപിച്ച മണ്‍പാത്ര വ്യവസായ സഹകരണ സംഘത്തിന് കീഴില്‍ ഈ കൈത്തൊഴില്‍ മേഖല തളരാതെ നിലനിന്നു. മൺപാത്ര നിര്‍മാണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം സംഘത്തിന് കീഴില്‍ ഒരുക്കിയിരുന്നു. ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ കൊടകരയിലെ കുംഭാര സമുദായക്കാരുടെ ഉല്പന്നങ്ങള് വിറ്റഴിക്കാനും എളുപ്പമായിരുന്നു.
സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയത് കൊടകരയിലെ മണ്‍പാത്ര നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. സ്റ്റീല്‍, അലുമിനിയം പാത്രങ്ങള്‍ അടുക്കള കൈയടക്കിയതും കളിമണ്ണ് അടക്കമുള്ള അസംസ്കൃത വസ്തുക്കള്‍ക്കുണ്ടായ ക്ഷാമവും വില വര്‍ധനവും ഈ തൊഴിലിനെ ശ്വാസം മുട്ടിച്ചു. ഓട്ടുകമ്പനികളില്നിന്ന് കൂടിയ വിലയ്ക്ക് കളിമണ്ണ് വാങ്ങി കൊണ്ടുവന്ന് തൊഴില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുംഭാര സമുദായക്കാരുടെ കൊച്ചുവീടുകളില്‍ പണിശാല ഒരുക്കാനും പാത്രങ്ങള്‍ ചുട്ടെടുക്കാനുള്ള ചൂള നിര്‍മിക്കാനും സ്ഥലസൗകര്യമില്ലാത്തത് പ്രതിസന്ധിയായി. തലമുറകളായി ചെയ്തു പോന്ന മണ്‍പാത്ര നിര്‍മാണം വേദനയോടെ ഉപേക്ഷിക്കാന്‍ ഇത് പല കുടുംബങ്ങളെയും നിര്‍ബന്ധിതരാക്കി. മറ്റം, ആളൂര്‍ അടക്കം ജില്ലയിലെ മറ്റു പല മേഖലയിലും പരമ്പരാഗത മണ്‍പാത്ര നിര്‍മാണം നടത്തുന്നവര്‍ക്ക് കളിമണ്ണ് കിട്ടുന്നുണ്ടെങ്കിലും കൊടകരയിലെ കുടുംബങ്ങള്‍ക്ക് ഇത് ലഭിക്കുന്നില്ല. ഓട്ടുകമ്പനികളില്നിന്ന് വലിയ വിലകൊടുത്ത് കളിമണ്ണ് വാങ്ങിക്കൊണ്ടുവന്ന് പാത്രങ്ങള്‍ നിര്‍മിക്കുന്നത് നഷ്ടമായതോടെ പലരും ഈ തൊഴില്‍ നിര്‍ത്തി. ചിലര്‍ മറ്റ് പ്രദേശങ്ങളിലെ മണ്‍പാത്ര നിര്‍മാണശാലകളിലെ തൊഴിലാളികളായി. കൊടകരയിലെ ചില കുടുംബങ്ങള്‍ കളിമണ്ണ് ലഭ്യത തേടി പാലക്കാട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു.
ഒരു കാലത്ത് കൊടകരയിലെ നൂറിലേറെ കുടുംബങ്ങള്‍ ഏര്‍പ്പെട്ടിരുന്ന മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഇപ്പോള്‍ സജീവമായുള്ളത് വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം. കുലത്തൊഴിലിനെ പാടെ വിസ്മരിക്കാതിരിക്കാന്‍ ഓണക്കാലത്ത് വീടുകളിലേക്ക് ആവശ്യമായ തൃക്കാക്കരയപ്പന് നിര്‍മാണം നടത്തിവരാറുണ്ട്. നിലച്ചുപോയ കൊടകര മണ്‍പാത്ര നിര്‍മാണ സഹകരണസംഘം പുനരുജ്ജീവിപ്പിക്കാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഏതാനും വര്‍ഷം മുമ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് പഴയ സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പണിശാലയും ചൂളയും കളിമണ്ണ് അരക്കാനുള്ള യന്ത്രസാമഗ്രികളും സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. കളിമണ്ണ് ലഭ്യമാക്കുകയും പാത്രങ്ങള്‍ നിര്‍മിക്കാനും ചുട്ടെടുക്കാനും സ്ഥലസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഈ പരമ്പരാഗത തൊഴില്‍ തുടരാന്‍ തയാറാണെന്നാണ് കുംഭാര കുടുംബങ്ങള്‍ പറയുന്നത്.
ബോണസ് തീരുമാനമായില്ല: ഓടുവ്യവസായ തൊഴിലാളികളുടെ സൂചന പണിമുടക്ക് 23ന്
തൃശൂർ: ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കാൻ ജില്ല ലേബർ ഓഫിസർ മൂന്നാം തവണ വിളിച്ച അനുരഞ്ജന യോഗവും തീരുമാനമാകാതെ പിരിഞ്ഞതോടെ 23ന് സൂചന പണിമുടക്ക് നടത്താൻ ട്രേഡ് യൂനിയനുകളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. കാൽ നൂറ്റാണ്ടിലധികമായി, വ്യവസായിക അടിസ്ഥാനത്തിൽ നൽകിക്കൊണ്ടിരിക്കുന്ന 20 ശതമാനം സംഖ്യ കസ്റ്റമറി ബോണസ് ആയി നൽകണം എന്നതാണ് യൂനിയനുകളുടെ ആവശ്യം. മിനിമം കൂലി നടപ്പാക്കിയതിന്റെ ഭാഗമായ വർധനയുടെ 8.3 ശതമാനമേ ബോണസ് ആയി നൽകൂ എന്നതാണ് ഉടമകളുടെ നിലപാട്. ജില്ല ലേബർ ഓഫിസർ വി.വി. രശ്മിക്ക് പുറമെ യൂനിയൻ നേതാക്കളായ എ.വി. ചന്ദ്രൻ, ആന്റണി കുറ്റൂക്കാരൻ, പി.ജി. മോഹനൻ, എൻ.എൻ. ദിവാകരൻ, പി.കെ. പുഷ്പാകരൻ, കെ.എം. അക്ബർ, ആനന്ദൻ, ടി.എൽ. ആന്റു എന്നിവരും സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജോസ് ജെ. മഞ്ഞളി, എം.കെ. സന്തോഷ്, സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.