അംഗൻവാടിക്ക് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം
text_fieldsപേരാമ്പ്ര-കനകമല റോഡരികില്‍ ചിറക്കഴ അംഗൻവാടിക്ക് സമീപം അപകടഭീഷണിയായി നില്ക്കുന്ന വാകമരം
കൊടകര: അംഗൻവാടിക്കു സമീപംനില്‍ക്കുന്ന കൂറ്റന്‍മരം അപകടഭീഷണി ഉയര്‍ത്തുന്നു. കൊടകര പഞ്ചായത്തിലെ പേരാമ്പ്ര-കനകമല റോഡില്‍ ചിറക്കഴയിൽ വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന് പത്തടിയോളം മാത്രം അകലെയാണ് അപകട ഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ തണല്‍ മരമുള്ളത്.
മരം മുറിച്ചുനീക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിനു നേരെ അധികൃതര്‍ മുഖം തിരിക്കുകയാെണന്ന ആക്ഷേപവുമുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അംഗന്‍വാടിയിലെ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിക്കുന്നു.
പേരാമ്പ്രയില്‍നിന്ന് കനകമല തീര്‍ഥാടനകേന്ദ്രത്തിലേക്കുള്ള വിശ്വാസികളും വട്ടേക്കാട്, കനകമല പ്രദേശങ്ങളിലേക്കുള്ളവരും സഞ്ചരിക്കുന്ന റോഡിന്റെ ഓരത്തുള്ള ഈ മരം യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. 11കെ.വി ലൈനിന്റേതടക്കമുള്ള വൈദ്യുതി കമ്പികളും ഈ മരത്തിനുചുവട്ടിലൂടെയാണ് വലിച്ചിട്ടുള്ളത്. ദുരന്തത്തിനു കാത്തുനില്‍ക്കാതെ എത്രയും വേഗം മരം മുറിച്ചുനീക്കിയോ ശിഖരങ്ങള്‍ വെട്ടിനീക്കിയോ അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


