നിറം മങ്ങാതെ കൊടകരയുടെ തൃക്കാക്കരയപ്പന്‍ പെരുമ
text_fieldsതൃക്കാക്കരയപ്പന് നിറം കൊടുക്കുന്ന വീട്ടമ്മ
കൊടകര: തിരുവോണപുലരിയില്‍ തിരുമുറ്റങ്ങളെ അണിയിച്ചൊരുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കളിമണ്ണില്‍ മെനഞ്ഞെടുത്ത തൃക്കാക്കരയപ്പന്‍. ഓണമെത്തിയതോടെ കൊടകരയില്‍ തൃക്കാക്കരയപ്പന്‍ നിര്‍മാണവും വില്‍പനയും സജീവമാണ്. കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളായ കുംഭാര സമുദായത്തില്‍പെട്ട കുടുംബങ്ങളിലാണ് ഓണത്തിനുള്ള തൃക്കാക്കരയപ്പന്‍ നിര്‍മാണം നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുംഭാരതറകളില്‍ തൃക്കാക്കരയപ്പന്‍ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും കൊടകരയില്‍ നിന്നുള്ളവക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.
വര്‍ഷങ്ങളായി തൃക്കാക്കരയപ്പന്‍ നിര്‍മാണത്തിലെ പെരുമ നിലനിര്‍ത്തി പോരുന്ന കൊടകരയില്‍ ഇക്കുറിയും നിരവധി കുടുംബങ്ങള്‍ ഈ തൊഴിലില്‍ സജീവമാണ്. കൊടകര കുംഭാരതറയിലെ പതിനഞ്ചിലേറെ കുടുംബങ്ങളിലാണ് തൃക്കാക്കരയപ്പന്‍ നിര്‍മാണം നടന്നുവരുന്നത്. ഓണം മുന്നില്‍ കണ്ട് കര്‍ക്കടകം മുതലേ ഇവര്‍ തൃക്കാക്കരയപ്പന്‍ നിര്‍മാണം ആരംഭിച്ചിരുന്നു. ഓരോ വീടുകളിലും തൃക്കാക്കരയപ്പന്റെ നൂറുകണക്കിനു കളിമണ്‍രൂപങ്ങളാണ് ഉണ്ടാക്കുന്നത്. പാടങ്ങളില്‍ നിന്ന് കളിമണ്ണ് ലഭ്യമല്ലാത്തതിനാല്‍ ഓട്ടുകമ്പനികളില്‍ നിന്ന് വാങ്ങികൊണ്ടുവരുന്ന കളിമണ്ണാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പല വലിപ്പത്തില്‍ തൃക്കാക്കരയപ്പനെ മെനെഞ്ഞടുക്കുന്നുണ്ടെങ്കിലും വലിപ്പം കുറഞ്ഞവക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്ന് തൃക്കാക്കരയപ്പന്‍ നിര്‍മാണം നടത്തുന്ന കൊടകരയിലെ പേരാമംഗലത്ത് വീട്ടില്‍ ബാബു പറയുന്നു. അഞ്ച് മുതല്‍ 16 ഇഞ്ച് വരെ ഉയരമുള്ളവ ഇവര്‍ നിര്‍മിക്കുന്നുണ്ട്. 50 രൂപ മുതല്‍ അഞ്ഞൂറു രൂപ വരെയാണ് ഇതിന് വില കിട്ടുന്നത്. ഉയരം കൂടിയവ ഓര്‍ഡര്‍ പ്രകാരമാണ് നിര്‍മിച്ചു നല്‍കുന്നത്. അത്തത്തിനു മുമ്പേ കച്ചവടക്കാരെത്തി ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ച് ഇവിടത്തെ കുടുംബങ്ങള്‍ പണിതീര്‍ക്കുന്നുണ്ട്.
ഇതിനു പുറമെ ഓണ ദിവസങ്ങളില്‍ ഇവര്‍ തന്നെ റോഡരികില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന പതിവുമുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള ഡിസൈനുകളിലാണ് തൃക്കാക്കരയപ്പന്‍ നിര്‍മാണം. ഇത്തരത്തില്‍ അലങ്കാരങ്ങളോടു കൂടി നിര്‍മിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കിലും അധ്വാനത്തിനനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്നാണ് കൊടകരയിലെ രവി വെങ്ങലശേരിയും പറയുന്നത്.
അരച്ചെടുത്ത കളിമണ്ണുപയോഗിച്ച് തൃക്കാക്കരയപ്പന്റെ രൂപം മെനഞ്ഞെടുക്കാന്‍ മിനിറ്റുകള്‍ മതിയെങ്കിലും ഇവക്ക് ഡിസൈന്‍ നല്‍കി ഉണക്കി ചായം തേച്ച് തയാറാക്കിയെടുക്കാന്‍ കൂടുതല്‍ സമയം വേണം. വെയിലത്ത് ഉണക്കിയാല്‍ എളുപ്പം പൊട്ടിപോകുമെന്നതിനാല്‍ തണലിലാണ് ഇവ ഉണക്കിയെടുക്കുന്നത്.
ഇപ്പോള്‍ നിര്‍മിക്കുന്നവ പ്രദേശികമായി വിറ്റഴിക്കാനുള്ളതാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഗുണനിലവാരമില്ലാത്ത കളിമണ്ണാണ് വാങ്ങാന്‍ കിട്ടുന്നതെന്ന് ഇവര്‍ പറയുന്നു. നിര്‍മാണത്തിനാവശ്യമായ കളിമണ്ണിനും പെയിന്റിനും വിലകൂടുന്നതിനനുസരിച്ച് ഉല്‍പന്നത്തിന് വിലകിട്ടുന്നില്ല എന്നും ഇവർ പറയുന്നു.