മറ്റത്തൂരില്‍ മാറ്റുരക്കാൻ മൂന്ന് മുന്നണികള്‍
text_fieldsകൊടകര: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകി. കഴിഞ്ഞ 15 വർഷമായി തുടരുന്ന ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഇടക്കാലത്ത് കൈവിട്ടുപോയ ഭരണം തിരികെ പിടിക്കാന്‍ യു.ഡി.എഫും പോരാട്ടം നടത്തുമ്പോള്‍ ഇത്തവണ മറ്റത്തൂര്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കുമെന്ന് പ്രഖ്യാപിച്ച് എന്‍.ഡി.എയും ഒപ്പത്തിനൊപ്പം അങ്കത്തട്ടിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ദേശീയ സംസ്ഥാനതലത്തില്‍ പഞ്ചായത്തിന് ലഭിച്ച അംഗീകാരങ്ങളും ഉയര്‍ത്തിക്കാണിച്ചാണ് ഭരണതുടര്‍ച്ചക്കായി എല്‍.ഡി.എഫ് ജനവിധി തേടുന്നത്.
അതേസമയം, ഭരണത്തിലെ പിഴവുകളും പോരായ്മകളും ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫും എന്‍.ഡി.എയും വോട്ടുതേടുന്നത്. നിലവിലുണ്ടായിരുന്ന 23 അംഗഭരണസമിതിയില്‍ എല്‍.ഡി.എഫ് 14, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. വാര്‍ഡ് പുനര്‍നിര്‍ണയത്തോടെ വാര്‍ഡുകളുടെ എണ്ണം 24 ആയി വര്‍ധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ ഏഴുപേര്‍ വീണ്ടും മത്സര രംഗത്തുണ്ട്. ഇവരില്‍ പ്രസിഡന്റ് അശ്വതി വിബി കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മറ്റത്തൂര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും പഞ്ചായത്തംഗമായിരുന്ന കെ.ടി. ഹിതേഷ് വെള്ളിക്കുളങ്ങര ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമാണ്.
ലിന്റോ പള്ളിപറമ്പന്‍, പി.എസ്. ചിത്ര, കെ.എസ്. ബിജു, കെ.ആര്. ഔസേഫ്, ബിന്ദു മനോജ്കുമാര്‍ എന്നിവരും കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളാണ്. നേരത്തേ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉമ്മുക്കുല്‍സു അസീസ്, അംഗങ്ങളായിരുന്ന പി.എസ്. അംബുജാക്ഷന്, സന്ധ്യ സജീവന്, സുനില്‍കുമാര്‍ ചിന്നങ്ങത്ത് എന്നിവരും ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ആശ ഉണ്ണികൃഷ്ണനും ഇക്കുറി ഗ്രാമപഞ്ചായത്തിലേക്ക് ജനവിധിതേടുന്നവരാണ്. ചില വാര്‍ഡുകളില്‍ സ്വതന്ത്രര്‍ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവും.


