ചരിത്രമുറങ്ങുന്ന നെല്ലായി ചില്ലായില്‍ തറവാട് ഓര്‍മയാകുന്നു
text_fieldsഓര്‍മയാകുന്ന നെല്ലായി ചില്ലായില്‍ തറവാട്
കൊടകര: നെല്ലായിയിലെ 130 വര്‍ഷം പഴക്കമുള്ള ചില്ലായില്‍ തറവാട് ഓര്‍മയിലേക്ക്. സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് പ്രഗല്ഭമതികളുൾപ്പെടെ നാലു തലമുറകളുടെ ഓര്‍മകളുറങ്ങുന്ന പഴയ രണ്ടുനില വീടാണ് കാലപ്പഴക്കം മൂലം പൊളിച്ചു നീക്കുന്നത്. തൊട്ടിപ്പാളിലെ ചില്ലായില്‍ തറവാട് അംഗവും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി പ്രഫസറും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന സി. നാരായണമേനോന് 1890ല്‍ നിര്‍മിച്ചതാണ് നെല്ലായിയലുള്ള ചില്ലായില്‍ തറവാട്. ഒട്ടേറെ പൗരാണിക കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള പണ്ഡിതനായിരുന്നു സി. നാരായണമേനോന്.
കൂട്ടുകുടുംബത്തിന്റെ നല്ല ഓര്‍മകളുറങ്ങുന്ന തറവാട് അടുത്തദിവസം പൊളിച്ചുനീക്കുകയാണെന്ന് ഇവിടെ ജനിച്ചുവളര്‍ന്നവരില്‍ ഒരാളായ കെ. സുധാകരന് പറഞ്ഞു. ഓടും മരവും ഉപയോഗിച്ച് പഴയ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചില്ലായി തറവാട്ടില്‍ നിരവധി മുറികളുണ്ട്. നിലവറ അടക്കമുള്ളവയും ഇതിലുണ്ട്. ഈ തറവാടിനോടു ചേര്‍ന്നുള്ള പടിപ്പുര എന്നുവിളിക്കുന്ന പഴയവീട്ടിലാണ് എഴുത്തുകാരിയും അധ്യാപികയുമായ പത്മശ്രീ ഡോ. എം. ലീലാവതിയുടെ ഭര്‍ത്താവായ സി.പി. മേനോന് വളര്‍ന്നത്. ഇവിടെ വളര്‍ന്ന നാലുതലമുറകളില് പലരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കിയവരാണ്. ചില്ലായി തറവാട്ടിലെ അംഗങ്ങള്‍ പിന്നീട് പല താവഴികളായി പിരിഞ്ഞ് രാജ്യത്തിനകത്തു പുറത്തുമുള്ള പല സ്ഥലങ്ങളിലായി താമസമാക്കി. ഇതോടെ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് എപ്പോഴും ശബ്ദമുഖരിതമായിരുന്ന ചില്ലായി തറവാട് നിശബ്ദമായി. കാലപ്പഴക്കം മൂലം ദുര്‍ബലമായ ഈ വീട് അറ്റകുറ്റപ്പണിയില്ലാതായതോടെ ജീര്‍ണാവസ്ഥയിലായി. ഇതോടെയാണ് തലമുറകളുടെ ചരിത്രമുറങ്ങുന്ന തറവാട് പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്.