അപകടത്തിലേക്ക് വഴിയൊരുക്കി റോഡരികിലെ തുറന്ന കാന
text_fieldsപേരാമ്പ്ര -പുത്തൂക്കാവ് ചാത്തന്മാസ്റ്റര് റോഡരികിൽ തുറന്നു കിടക്കുന്ന കാന
കൊടകര: പഞ്ചായത്തില്‍ ഈയിടെ ടാറിങ് നടത്തി നവീകരിച്ച പേരാമ്പ്ര-പുത്തൂക്കാവ് ചാത്തന്മാസ്റ്റര് റോഡരികിലെ കാന സ്ലാബ് ഇട്ട് സുരക്ഷിതമാക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
റോഡിന് ഒരുവശത്ത് നിര്‍മിച്ച കാനകള്‍ സ്ലാബില്ലാത്തതിനാല്‍ തുറന്നു കിടക്കുകയാണ്.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാരും കാല്‍നടക്കാരും കാനയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പധികൃതരോട് പരാതിപ്പെട്ടപ്പോള്‍ കാനകള്‍ക്ക് സ്ലാബിട്ടുമൂടാനുള്ള ഫണ്ടില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് നാട്ടുകാരനും വിവരാവകാശ പ്രവര്‍ത്തകനുമായ പുഷ്പാകരന്‍ തോട്ടുംപുറം പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പുത്തൂക്കാവ് താലപ്പൊലി, പേരാമ്പ്ര പള്ളി തിരുനാള്‍ എന്നീ ആഘോഷങ്ങള്‍ക്ക് നൂറുകണക്കിനാളുകള്‍ ഇതുവഴി എത്തുമെന്നിരിക്കെ കാനയില്‍ വീണ് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡിനു വളവുള്ള ഭാഗത്തെങ്കിലും കാനകള്‍ക്ക് സ്ലാബിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.