മലയാളത്തിന്റെ മേളകലയെ നെഞ്ചേറ്റി ഉത്തര്പ്രദേശുകാരൻ ബാലന്
text_fieldsപ്രിന്‍സ് രാജ്ബർ
കൊടകര: മലയാളിക്ക് സ്വന്തമായ മേളകലയുടെ ചെമ്പടവട്ടങ്ങള്‍ കൊട്ടിക്കയറാന്‍ അന്തർസംസ്ഥാന ബാലനും. ഉത്തര്‍പ്രദേശിലെ മൗ സ്വദേശികളായ പുന്‍വാസി രാജ്ബര്‍ -സംഗീത ദമ്പതികളുടെ മകനായ പ്രിന്‍സ് രാജ്ബറാണ് ഞായറാഴ്ച വൈകീട്ട് കൊടകര തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രസന്നിധില്‍ പഞ്ചാരിമേളത്തില്‍ സഹപഠിതാക്കളായ പത്തുപേര്‍ക്കൊപ്പം കൊട്ടിക്കയറാനൊരുങ്ങുന്നത്.
തേശ്ശേരി എ.യു.പി സ്കൂളിലെ അഞ്ചാംക്ലാസുകാരനാണ് പ്രിന്‍സ്. യു.പിയില്‍നിന്ന് വന്നതിനുശേഷം രണ്ടുവര്‍ഷം തമിഴ്നാട്ടിലായിരുന്നു പ്രിൻസിന്റെ കുടുംബം. അന്ന് കോവിഡ് കാലമായതിനാല്‍ പഠനം തുടരാനായില്ല. പിന്നീട് കേരളത്തിലെത്തി ഇരിങ്ങാലക്കുടയിലെ സെന്റ് മേരീസ് എല്‍.പി സ്കൂളിലാണ് പ്രിന്‍സിനെ ആദ്യം ചേര്‍ത്തിയത്. അവിടെനിന്ന് കൊടകര തേശ്ശേരിയിലെത്തുകയായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തിലെ മേളപരീശീലനം കാണാനെത്തിയ പ്രിന്‍സിനോട് തേശ്ശേരി ഞാറേക്കാടന്‍ രവിയാണ് മേളം പഠിക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചത്. ആഗ്രഹം പ്രകടിപ്പിച്ച പ്രിന്‍സ് ഗുരുനാഥൻ കൊടകര ഉണ്ണിക്ക് ദക്ഷിണവെച്ച് കരിങ്കല്ലില്‍ പുളിമുട്ടികൊണ്ട് ഗണപതിക്കൈയ്യും പാഠക്കയ്യുകള്ക്കും ശേഷം മേളകലയുടെ പാഠങ്ങള്‍ പരിശീലിക്കുകയായിരുന്നു.
അച്ഛന് പുന്‍വാസി രാജ്ബര്‍ വെല്‍ഡിങ്ങ് തൊഴിലാളിയാണ്. അമ്മ ചാലക്കുടിക്കടുത്ത് പോട്ടയില്‍ തയ്യല്‍ ജോലി ചെയ്യുന്നു. ഉത്തര്‍പ്രദേശുകാരനായ ബാലന് ഉരുട്ടുചെണ്ടയില്‍ പഞ്ചാരിയുടെ ചെമ്പടവട്ടങ്ങള്‍ കൊട്ടിക്കയറുമ്പോള്‍ അത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടും കലകളോടുമുള്ള അന്തർസംസ്ഥാനക്കാരുടെ അടങ്ങാത്ത അഭിനിവേശത്തിന്റെ അടയാളപ്പെടുത്തലാകും. ഞായറാഴ്ച വൈകീട്ട് തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ പെരുവനം കുട്ടന്മാരാരാണ് പഞ്ചാരിമേളം അരങ്ങേറ്റത്തിന് ഭദ്രദീപം തെളിയിക്കുക.