നെല്‍കൃഷിയെ ചേര്‍ത്തുപിടിച്ച് ലളിത
text_fieldsപാട്ടത്തിനെടുത്ത പാടശേഖരത്തിൽ ലളിത
കൊടകര: ചേറിലും ചളിയിലും ഇറങ്ങാന്‍ മടിച്ച് നെല്‍കൃഷിയില്‍നിന്ന് മുഖം തിരിക്കുന്നവര്ക്കിടയില് വേറിട്ടുനില്‍ക്കുകയാണ് കനകമല പഴമ്പിള്ളിയിലെ ലളിത എന്ന 57കാരി. നിലം പാട്ടത്തിനെടുത്താണ് ഇവര്‍ നെല്‍കൃഷി ചെയ്യുന്നത്. പച്ചക്കറി അടക്കമുള്ള വിവിധ കൃഷികള്‍ ചെയ്തുവന്നിരുന്ന ലളിത ഏഴുവര്‍ഷത്തോളമായി നെല്‍കൃഷിയില്‍ സജീവമാണ്. നിലമൊരുക്കുന്നതു മുതല്‍ വിളവെടുപ്പു വരെയുള്ള കാര്‍ഷികജോലികളില്‍ പങ്കാളിയാവുന്ന ലളിത കൊടകര പഞ്ചായത്തിലെ തേശേരി മുരിക്കുംപട്ട പാടശേഖരത്തിലാണ് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്നത്.
ഈയിടെയായി ഇവിടെ നെല്‍കൃഷിയിറക്കാന്‍ തടസ്സങ്ങള്‍ നേരിട്ടതോടെ സമീപത്തെ മറ്റു പാടശേഖരങ്ങളില്‍ നിലം പാട്ടത്തിനെടുക്കുകയായിരുന്നു. മുണ്ടകന്‍ വിളയാണ് പതിവായി ഇറക്കുന്നത്. കനകമല പഴമ്പിള്ളി കടുംകുറ്റിപ്പാടത്ത് പതിറ്റാണ്ടുകളായി തരിശുകിടന്ന 30 ഏക്കര്‍ നിലം കൃഷിയോഗ്യമാക്കിയെടുത്തതില് ലളിതയുടെ പങ്ക് ചെറുതല്ല. ഇവിടത്തെ ഏഴേക്കര്‍ തരിശുനിലത്തിലാണ് ഈ കര്‍ഷക ഇത്തവണ മുണ്ടകന്‍ വിളയിറക്കി മികച്ച വിളവ് കൊയ്തെടുത്തത്. നെല്‍കൃഷി നഷ്ടമാണെന്നും കാര്‍ഷിക പണികള്‍ക്ക് ആളെ കിട്ടാനില്ലെന്നും പറഞ്ഞ് പാടശേഖരങ്ങള്‍ തരിശിടുന്നത് കാണുമ്പോള്‍ ഉള്ളില്‍ നിരാശയും സങ്കടവും തോന്നാറുണ്ടെന്ന് ലളിത പറയുന്നു.
ജലസേചന സൗകര്യമുള്ള ഏത് പാടശേഖരത്തിലും നിലംപാട്ടത്തിന് കിട്ടാനുണ്ടെങ്കില്‍ അതെല്ലാം ഏറ്റെടുത്ത് അവിടെ നെല്ലുവിളയിക്കാന്‍ ഈ കര്‍ഷക ഒരുക്കമാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കൃഷിയില്‍ സജീവമായി തുടരാനുള്ള ലളിതയുടെ നിശ്ചയദാര്‍ഢ്യത്തിന് ഭര്‍ത്താവും മക്കളും പിന്തുണയുമായി ഒപ്പമുണ്ട്.