ദുരന്തത്തിന് ആറാണ്ട്; ഓര്‍മയില്‍ ഉലഞ്ഞ് ആനപ്പാന്തം ആദിവാസി കോളനി
text_fields2005ല്‍ ആനപ്പാന്തം ആദിവാസി കോളനിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ ഒലിച്ചുപോയ സ്ഥലം (ഫയല്‍)
കൊടകര: ആനപ്പാന്തം ആദിവാസി കോളനിയിലെ കാടര്‍ കുടുംബങ്ങള്‍ക്ക് ജൂലൈ 14 എന്നും കണ്ണീരോര്‍മയാണ്. 2005 ജൂലൈ 14ന് അര്‍ധരാത്രിയിലാണ് കൊടുംകാടിന് നടുവിലെ കോളനിയെ ഉരുള്‍പൊട്ടല്‍ ദുരന്തം വേട്ടയാടിയത്. വനത്തിനുള്ളില്‍നിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും വെള്ളവും രണ്ട് ജീവനുകളാണ് അന്ന് കവര്‍ന്നെടുത്തത്. ഈ ദുരന്തത്തിനു ശേഷമാണ് കാടിനുള്ളിലെ ഇവരുടെ ദുരിതജീവിതത്തിലേക്ക് അധികാരികളുടെ കണ്ണു തിരിഞ്ഞത്.
കാടര്‍ വിഭാഗക്കാരായ 56 കുടുംബങ്ങളാണ് വെള്ളിക്കുളങ്ങരക്ക് കിഴക്ക് 17 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലുള്ള ആനപ്പാന്തം കോളനിയില്‍ അന്ന് താമസിച്ചിരുന്നത്. കോളനിയിലെ കുടിലിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയും കുഞ്ഞുമാണ് അര്‍ധരാത്രിയിലുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍പെട്ടത്.
കണ്ണമണിയുടെ ഭാര്യ 36 വയസ്സുള്ള ശാരദയും ഇവരുടെ ഒന്നര വയസ്സുള്ള മകള്‍ക്കുമാണ് ആ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടത്. ഏതാനും വീടുകളും തകര്‍ന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സുരക്ഷിതമായ താമസത്തിന് പറ്റിയ ഇടമല്ല കോളനി സ്ഥിതി ചെയ്യുന്ന ആനപ്പാന്തം പ്രദേശമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അനിശ്ചിതമായി വൈകി.
കോടശേരി പഞ്ചായത്തില്‍പെട്ട മാരാങ്കോട് കശുമാവ് തോട്ടത്തിനോടുചേര്ന്നുള്ള വനഭൂമിയില്‍ പുനരധിവസിപ്പിക്കാനായി അന്നത്തെ സര്‍ക്കര്‍ പദ്ധതി തയാറാക്കിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കാട്ടിലേക്ക് മടങ്ങിയ ആദിവാസി കുടുംബങ്ങള്‍ ആനപ്പാന്തത്തിനു സമീപത്തെ ചേറങ്കയം വനത്തില്‍ കുടിലുകള്‍ കെട്ടി താമസം തുടങ്ങി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ നീണ്ടുപോയപ്പോള്‍ ആദിവാസി സംരക്ഷണ സമിതി അഡ്വ. എ.എക്സ്. വര്‍ഗീസ് മുഖേന ഹൈകോടതിയെ സമീപിച്ചു. ആദിവാസികളുടെ ജീവിത സാഹചര്യത്തെ കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി അന്നത്തെ ജില്ല ജഡ്ജി കമാൽ പാഷയോട് നിർദേശിച്ചു. കമാൽ പാഷ മൂന്നു തവണയായി ചേറങ്കയം വനത്തിലെത്തി വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് നല്കി. എം.എല്‍.എ ആയിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥെൻറ ഇടപെടലും ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് വഴിയൊരുക്കി.
ചേറങ്കയം വനത്തിലെ താല്‍ക്കാലിക കുടിലുകളില്‍ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞ ആദിവാസി കുടുംബങ്ങളെ ഒടുവില്‍ ശാസ്താംപൂവ്വം വനപ്രദേശത്ത് വീടും ഭൂമിയും നല്കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. കേരളത്തിലെ മികച്ച ജീവിതസാഹചര്യമുള്ള അപൂർവം ആദിവാസി കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് ആനപ്പാന്തം കോളനി.