ചാറ്റിലാംപാടത്തെ കര്‍ഷകര്‍ മുണ്ടകന്‍ കൃഷി ഉപേക്ഷിച്ചു
text_fieldsമുണ്ടകന്‍ വിളയിറക്കാതെ തരിശുകിടക്കുന്ന ചാറ്റിലാംപാടം
കൊടകര: കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ കര്‍ഷകര്‍ മുണ്ടകന്‍ കൃഷി ഉപേക്ഷിച്ചു. കൊടകര, മറ്റത്തൂര്‍ കൃഷിഭവനുകളുടെ പരിധിയിലായി അമ്പതേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം അരനൂറ്റാണ്ടിനിടെ ആദ്യമായാണ് മുണ്ടകന്‍ വിളയില്ലാതെ തരിശുകിടക്കുന്നത്. ചാലക്കുടി ജലസേചന പദ്ധതിക്കുകീഴിലെ വലതുകര കനാലിന്റെ മേച്ചിറ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ആറേശ്വരം കാവനാട് ഉപകനാല്‍ വഴിയാണ് ചാറ്റിലാംപാടത്തേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തേണ്ടത്.
മുന്‍കാലങ്ങളില്‍ ഈ കനാല്‍ വഴി യഥേഷ്ടം വെള്ളമെത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കനാല്‍ വെള്ളം കര്‍ഷകര്‍ക്ക് കിട്ടാക്കനിയാണ്. 20 ദിവസം കൂടുമ്പോള്‍ നാലു ദിവസത്തേക്ക് ആറേശ്വരം കാവനാട് ഉപകനാലിലേക്ക് വെള്ളം തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം. ഇങ്ങനെ വെള്ളം തുറന്നുവിട്ടാല്‍ ചാറ്റിലാംപാടത്തേക്ക് വേണ്ടത്ര വെള്ളം എത്താനിടയില്ലെന്നതിനാലാണ് ഇത്തവണ കര്‍ഷകര്‍ മുണ്ടകന്‍ കൃഷിയില്‍ നിന്ന് പിന്മാറിയത്.
കഴിഞ്ഞ വര്‍ഷം ഇവിടെ മുണ്ടകന്‍ ഇറക്കിയിരുന്നെങ്കിലും കനാല്‍വെള്ളം കിട്ടാത്തിനാല്‍ പല കര്ഷകരുരെയും നെല്‍ച്ചെടികള്‍ ഉണങ്ങി പോയിരുന്നു. കതിരുവന്ന സമയത്ത് വെള്ളം കിട്ടാതെ കനത്ത നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്. അടുത്ത കാലം വരെ ആണ്ടില്‍ മൂന്നുപൂവ് കൃഷിയിറക്കിയിരുന്ന ചാറ്റിലാംപാടത്ത് മുണ്ടകന്‍ വിള ഇറക്കാതായതോടെ ഒന്നാം വിളയായ വിരിപ്പുമാത്രം ഇറക്കുന്ന പാടശേഖരമായി ചാറ്റിലാംപാടം മാറുകയാണ്.