വിഷു വിളിപ്പാടകലെ: കൃഷ്ണരൂപങ്ങളൊരുക്കുന്ന തിരക്കില്‍ ബാവുലാല്
text_fieldsകൊടകര: വിഷു വിളിപ്പാടകലെ എത്തി നില്ക്കുമ്പോള് വിശ്രമമില്ലാത്ത പണിയിലാണ് ബാവുലാലും സഹായികളും. മലയാളിക്ക് കണികാണാനുള്ള കൃഷ്ണ വിഗ്രഹങ്ങളുടെ നിര്‍മാണത്തിലാണ് രാജസ്ഥാന്‍കാരനായ ബാവുലാലും സംഘവും. ദേശീയപാതയില്‍ നെല്ലായി ജങ്ഷനില്‍നിന്ന് തെല്ലകലെ തൂപ്പങ്കാവ് പാലത്തിന് സമീപമാണ് ബാവുലാലിന്റെ വിഗ്രഹ നിര്‍മാണശാല.
രാജസ്ഥാനിലെ പാലി ജില്ലയിലുള്ള എരിട്ടിയ ഗ്രാമക്കാരനായ ബാവുലാല് വിഗ്രഹനിര്‍മാണം തൊഴിലാക്കിയിട്ട് വര്‍ഷങ്ങളായി. ഈ വര്‍ഷം വിഷു ആഘോഷത്തിനുള്ള കൃഷ്ണ രൂപങ്ങളുടെ നിര്‍മാണം ജനുവരിയില്‍ തന്നെ ആരംഭിച്ചിരുന്നു. ജിപ്സം ഉപയോഗിച്ചുള്ള ആയിരക്കണക്കിന് വിഗ്രഹങ്ങളാണ് ഇത്തവണ നിർമിച്ചിട്ടുള്ളത്. കുറച്ചൊക്ക ഇതിനകം വിറ്റഴിഞ്ഞു. പല വലിപ്പത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്.
വലിപ്പത്തിനനുസരിച്ചാണ് വില. ജിപ്സം അടക്കമുള്ള അസംസ്കൃത സാധനങ്ങളുടെ വില വര്‍ധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും നടക്കുന്ന വ്യത്യസ്ത ആഘോഷങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ വിഗ്രഹങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. നവരാത്രി കാലത്ത് സരസ്വതീ രൂപങ്ങളും വിനായക ചതുര്‍ഥിക്ക് ഗണേശ വിഗ്രഹങ്ങളും ചതയദിനാഘോഷത്തിനായി ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹവും നിർമിക്കാറുണ്ട്.
പരിചയസമ്പന്നരായ ജോലിക്കാരെ രാജസ്ഥാനില്‍നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. പലരും കുടുംബക്കാര് തന്നെ. വിഗ്രഹങ്ങള്‍ക്ക് നിറവും തിളക്കവും നല്‍കാനുള്ള ചായക്കൂട്ടുകളും രാജസ്ഥാനില്‍ നിന്നാണ് കൊണ്ടുവരുന്നത്.