പെണ്‍തൊഴിലിടം, പ്രതീക്ഷയോടെ കൊടകര
text_fieldsകൊടകര: വനിതകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലിടം ഒരുക്കാനുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്ക് സ്പേസ് പദ്ധതി ഈ വർഷം കൊടകര വല്ലപ്പാടിയില്‍ യാഥാർഥ്യമായേക്കും.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഈ സംരംഭം നടപ്പാക്കുന്നത്. വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടപ്പാക്കപ്പെടുന്നതാണ് പെണ്‍തൊഴിലിടം പദ്ധതി.
ഉല്‍പ്പാദനം, ഐ. ടി, ആരോഗ്യ മേഖല, വനിത യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൊടകര വല്ലപ്പാടിയില്‍ ഉള്ള ഒരു ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ് 28.95 കോടി രൂപ ചെലവില്‍ ഷീ വര്‍ക്ക് സ്പേസ് നിര്‍മിക്കുന്നത്.
83,390 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. 10.35 കോടി രൂപ വിനിയോഗിച്ച് 32260 ചതുരശ്ര അടിയിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടമായി 18.6 കോടി രൂപ ചെലവില്‍ 47130 ചതുരശ്ര അടിയും പൂര്‍ത്തിയാക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ വനിത ഘടക പദ്ധതി വിഹിതമായ ഒരു കോടി, ജില്ല പഞ്ചായത്ത് വിഹിതമായ നാലു കോടി, വിവിധ ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 55 ലക്ഷം, ജില്ല ആസൂത്രണ സമിതി ഇന്‍സെന്റീവ് ഗ്രാന്റായി അനുവദിച്ച അഞ്ച് കോടി, സംസ്ഥാന സര്‍ക്കാര്‍, കെ ഡസ്ക്, ലീപ് എന്നിവയില്‍നിന്നുമുള്ള വിഹിതം എന്നിവ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.
ഷീ വര്‍ക് സ്പേസ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 200 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 598 പേര്‍ക്കും ഉള്‍പ്പെടെ 798 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. 400 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. നിർമാണമേഖലയില്‍ 48,000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും.