സഹ്യന്റെ മക്കളുടെ സഹജീവി സ്നേഹത്തിന് ശില്പഭാഷ്യമൊരുക്കി നികേഷ്
text_fieldsഅതിരപ്പിള്ളി വനത്തിലെ കാട്ടുകൊമ്പന്മാരുടെ സഹജീവി സ്നേഹത്തിന് നികേഷ് ഒരുക്കിയ ശില്പഭാഷ്യം
കൊടകര: സഹ്യന്റെ മക്കളുടെ സഹജീവി സ്നേഹത്തിന് ശില്പഭാഷ്യമൊരുക്കിയിരിക്കുകയാണ് കോടാലി സ്വദേശിയായ യുവകലാകാരന് നികേഷ്. ആനകളെ അതിരറ്റുസ്നേഹിക്കുകയും തെര്‍മക്കോളും ഫൈബറും മറ്റും ഉപയോഗിച്ച് ചലിക്കുന്ന ആനകളുടെ ശില്പങ്ങള് നിര്‍മിക്കുകയും ചെയ്യുന്ന നികേഷ് ഈയിടെ മാധ്യമങ്ങളില്‍ കണ്ട ഹൃദയസ്പര്‍ശിയായ ഒരു ദൃശ്യത്തെ കളിമണ്ണുകൊണ്ട് ആവിഷ്കരിച്ചിരിക്കുന്നത്. അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിനിടെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് താങ്ങിനിര്‍ത്തിയ ദൃശ്യമാണ് നികേഷ് മെനഞ്ഞടുത്തിട്ടുള്ളത്.
മാധ്യമങ്ങളിൽ കണ്ട ഈ സഹജീവി സ്നേഹത്തിന്റെ കാഴ്ച മനസ്സില്‍ മായാതെ നിന്നതാണ് കളിമണ്ണില്‍ ഈ കാട്ടുകൊമ്പന്മാരെ രൂപപ്പെടുത്താന്‍ ഇടയാക്കിയതെന്ന് നികേഷ് പറഞ്ഞു. കാട്ടുകൊമ്പന്മാരുടെ സഹജീവി സ്നേഹം പ്രകടമാക്കുന്ന ദൃശ്യം ശില്പമാക്കിയതിനു തൊട്ടുപിന്നാലെ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന ചരിഞ്ഞതായുള്ള വാര്‍ത്ത എത്തിയത് ഈ യുവകലാകാരനെ ഏറെ സങ്കടപ്പെടുത്തുകയാണ്. ചെറുപ്പം മുതലേ ആനകളെ ഇഷ്ടപ്പെടുന്ന നികേഷ് ആനകളുടെ ചിത്രം വരക്കുന്നതിലും ശില്പങ്ങള് മെനയുന്നതിലും വിദഗ്ധനാണ്.
കുട്ടിക്കാലത്ത് ഉത്സവങ്ങള്‍ക്ക് പോകുമ്പോള്‍ ആനകളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നതില്നിന്നാണ് ഗജശില്പങ്ങള് നിര്‍മിക്കാനുള്ള മോഹമുണ്ടായത്. യഥാര്‍ഥ ആനകളുടെ വലിപ്പവും രൂപവുമള്ള അഞ്ചോളം കരിവീരന്മാരെ നികേഷ് ഇതിനകം നിര്‍മിച്ചിട്ടുണ്ട്. നികേഷ് രൂപം നല്കിയ ചേക്കിലെ മാധവന് എന്ന ഗജശില്പം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യന്ത്രസഹായത്തോടെ തുമ്പിക്കൈ ഉയര്‍ത്തുകയും ചെവികളാട്ടുകയും മസ്തകം കുലുക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു ഇത്. ചലിക്കുന്ന ഒട്ടകത്തെയും ഈ യുവശില്പി നിര്‍മിച്ചിട്ടുണ്ട്.