വോളിബാളിൽ അന്താരാഷ്ട്ര അംഗീകാരവുമായി അഹമ്മദ് ഫായിസ്
text_fieldsഇന്തോനേഷ്യയിൽ നടന്ന ചടങ്ങിൽ അധികൃതരിൽനിന്ന് ലെവൽ വൺ ബാച്ച് ടോപ്പർ അംഗീകാരം സ്വീകരിക്കുന്ന അഹമ്മദ് ഫായിസ്
കൊടുങ്ങല്ലൂർ: വോളിബാൾ രംഗത്ത് അന്താരാഷ്ട്ര അംഗീകാരത്തിന്റെ മികവുമായി കൊടുങ്ങല്ലൂരുകാരൻ. ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷന്റെ ലെവൽ വൺ പരിശീലക കോഴ്സിൽ ബാച്ച് ടോപ്പറായി വിജയിച്ച പി.എ. അഹമ്മദ് ഫായിസ് കൊടുങ്ങല്ലൂരിലെ ചന്തപ്പുര ഉഴുവത്തുകടവ് സ്വദേശിയാണ്.
വോളിബാളിന്റെ ആവേശം തുടിക്കുന്ന കൊടുങ്ങല്ലൂരും തീരദേശവുമെല്ലാം നിരവധി പ്രമുഖ താരങ്ങളെ സംഭാവന ചെയ്ത മണ്ണാണ്. കൊടുങ്ങല്ലൂരിന്റെ കോർട്ടുകളിൽനിന്ന് കളി മികവിലൂടെ ഉയർന്നുവന്ന ഫായിസ് ഇപ്പോൾ പരിശീലക വേഷത്തിലാണ് അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്. ആറ് രാജ്യങ്ങൾ പങ്കെടുത്ത കോഴ്സിലാണ് നിലവിൽ പ്രൈം വോളി ലീഗ് ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ സഹ പരിശീലകനായ ഫായിസ് ഒന്നാമതെത്തിയത്. കൊടുങ്ങല്ലൂരിന്റെ തലമുറകളുടെ കോച്ച് പി.കെ. പരമേശ്വരന്റെ കീഴിൽ വോളി കോർട്ടിൽ ചുവടുവെച്ച് വളർന്ന ഫായിസ് പിന്നീട് ഇൻറർ യൂനിവേഴ്സിറ്റി താരമായും പരിശീലകനും സഹപരിശീലകനും മാനേജരുമായും ഈ രംഗത്ത് ശ്രദ്ധ നേടി.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വോളിബാൾ പരിശീലക കോഴ്സിൽ എ ഗ്രേഡോടുകൂടി സർട്ടിഫിക്കേഷനും നേടി. ഫിസിക്കൽ എജുക്കേഷനിൽ യു.ജി.സി നെറ്റും എം.ഫിലും കരസ്ഥമാക്കിയ ശേഷം ഇതേ വിഷയത്തിൻ പിഎച്ച്.ഡി ചെയ്യുകയാണിപ്പോൾ. ഖത്തർ ആസ്ഥാനമായ നെക്സ്റ്റ് സ്പോർട്സ് എജുക്കേഷൻ ചീഫ് ട്രെയിനിങ് ഓഫിസറായ ഫായിസ് കൊടുങ്ങല്ലൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി.എച്ച്. അബ്ദുൽ റഷീദിന്റെയും ഷെരീഫയുടെയും മകനാണ്. അധ്യാപികയായ ഗോപികയാണ് ഭാര്യ.