ദേശീയപാത 66; കൊടുങ്ങല്ലൂരിൽ അടിപ്പാത സാധ്യമല്ലെന്ന് അധികൃതർ
text_fieldsഅടിപ്പാത ആവശ്യപ്പെടുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ
ഡിവൈ.എസ്.പി ഓഫിസ് ജങ്ഷൻ
കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ കൊടുങ്ങല്ലൂരിലെ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ അടിപ്പാത നിർമിക്കാൻ സാധിക്കില്ലെന്ന് അധികൃതർ. തദ്ദേശ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഉയർത്തിയ അവകാശവാദങ്ങളും പ്രചാരണങ്ങളും തള്ളികളയുന്നതാണ് എൻ.എച്ച്.എ.ഐ അധികരുടെ നിലപാട്. പദ്ധതി അവസാനഘട്ടത്തിലായ നിലവിലുള്ള അവസ്ഥയിൽ ഇവിടെ അടിപ്പാത നിർമിക്കാൻ സാധിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർക്ക് വേണ്ടി സാങ്കേതിക വിഭാഗം മാനേജർ ഇക്കാര്യം അറിയിച്ചത്. പദ്ധതി അവസാന ഘട്ടത്തിലായതിനാൽ, ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ അടിപ്പാത അഥവാ എസ്.വി.യു.പി നിർമിക്കാനുള്ള നിർദേശം ഈ ഘട്ടത്തിൽ പ്രായോഗികമല്ലെന്ന് അറിയിപ്പിൽ പറയുന്നു. ദേശീയപാതയിൽ, കൊടുങ്ങല്ലൂരിൽ നിലവിൽ ഒരു വയഡക്റ്റ്, ഒരു എൽ.വി.യു.പി ഒരു ഫ്ലൈഓവർ എന്നിവ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും ഡിസംബർ 19ന് പുറത്തിറക്കിയ മറുപടിക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പോരാട്ടം 785 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇടി തീപോലെ സമരക്കാരുടെ ആവശ്യം നിഷേധിച്ചു കൊണ്ടുള്ള കത്ത് പുറത്തുവന്നിരിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി അടിപ്പാത അനുവദിച്ചെന്ന് അവകാശവാദവുമായി രംഗത്തെത്തിയ ബി.ജെ.പി ആഘോഷ പൂർവമുള്ള പ്രചാരണം നടത്തിയിരുന്നു. കൊടുങ്ങല്ലൂരിൽ അടിപ്പാത നിർമ്മിക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചുവെന്ന് പ്രഖ്യാപിക്കുന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വിഡിയോ സന്ദേശവും പാർട്ടി കൊടുങ്ങല്ലൂർ നേതൃത്വം പുറത്ത് വിട്ടിരുന്നു. അവകാശവാദവുമായി കോൺഗ്രസും മുന്നോട്ടുവന്നിരുന്നു.
അടിപ്പാത അനുവദിച്ചുവെന്ന പ്രചാരണങ്ങൾക്കിടയിലും നിർമാണം ആരംഭിക്കാതെ പിറക്കോട്ടില്ലെന്ന പ്രഖ്യാപനവുമായി സമരരംഗത്ത് ഉറച്ചുനിന്ന കർമസമിതിയുടെ നിലപാട് ശരിവെക്കുന്നത് കൂടിയാണ് അധികൃതരുടെ അറിയിപ്പ്.
പ്രതീക്ഷ കൈവിടാതെ കർമസമിതി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ പൈതൃക പാത സംരക്ഷിക്കാൻ നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി മുന്നോട്ടുപോകുന്ന കർമസമിതിയും സമര പോരാളികളും അടിപ്പാത സാധ്യമല്ലെന്ന അധികൃതരുടെ നിലപാടിന് മുന്നിലും പിന്നാക്കം പോകാൻ തയാറല്ല. പ്രതീക്ഷ കൈവിടാതെ സമര രംഗത്ത് ഉറച്ചുനിൽക്കാൻ തന്നെയാണ് കർമസമിതിയുടെ തീരുമാനമെന്നും ഇപ്പോൾ പുറത്ത് വന്ന ഈ അറിയിപ്പ് തള്ളികളയുകയാണെന്നും ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ പറഞ്ഞു.


