ബ്രിട്ടീഷ് വിസ തട്ടിപ്പ് കേസ്; ഒന്നാം പ്രതിയുടെ ഭർത്താവും മാതാവും അറസ്റ്റിൽ
text_fieldsസയ, സത്യചന്ദ്രൻ
കൊടുങ്ങല്ലൂർ: ബ്രിട്ടനിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്നുപേരിൽ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ പ്രതിയായ സയയുടെ ഭർത്താവ് കൂളിമുട്ടം പൊക്ലായി ചിറയിൽ വീട്ടിൽ സത്യചന്ദ്രൻ (29), സയയുടെ മാതാവ് ശ്യാമള എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സയയെ (29) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിലാണ്. സായ കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു.കെ യിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനുള്ള ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ലഭ്യമായ പരാതി അനുസരിച്ചാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം, കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് എസ്.ഐമാരായ കെ. സാലിം, കശ്യപൻ, ഷാബു, എ.എസ്.ഐമാരായ രാജീവ്, അസ്മാബി എന്നിവരാണ് അന്വേഷണം നടത്തുന്നത്.