അരങ്ങിൽ തിളങ്ങിയും ജീവിതത്തിൽ തിളങ്ങാനാകാതെയും കൃഷ്ണൻകുട്ടി രംഗം ഒഴിഞ്ഞു
text_fieldsസംവിധായകൻ കമലിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി
കൊടുങ്ങല്ലൂർ: പതിറ്റാണ്ടുകളോളം പ്രഫഷനൽ നാടകവേദിയിൽ തിളക്കത്തോടെ നിലകൊണ്ട പ്രതിഭാശാലി. സിനിമയിലും സീരിയൽ രംഗത്തും അനവധി അവസരങ്ങൾ ലഭിച്ച കലാകാരൻ. മികച്ച ചിത്രകാരൻ. ആദരവും അംഗീകാരങ്ങളും. ഇതൊക്കെയായിട്ടും ജീവിതമെന്ന വേദിയിൽ തിളങ്ങാനാകാതെ പോയ ഹതഭാഗ്യനായ മനുഷ്യനാണ് ഒടുവിൽ അരങ്ങിലെ ഓർമയായി മാറിയ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി.
മരിക്കുമ്പോൾ വാടക വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ‘കൊടുങ്ങല്ലുർ കൃഷ്ണൻകുട്ടി’ എന്ന പെരുമയോടെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു കിടപ്പാടം പോലും തരപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കേരള സംഗീത നാടക അക്കാദമി സമഗ്ര സംഭാവനക്കുള്ള ഗുരുപൂർണിമ പുരസ്കാരം നൽകി ആദരിച്ച ഈ പ്രതിഭ അവശ കലാകാരനായാണ് കാലയവനികക്കുള്ളിൽ മറയുന്നത്. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിന്റെ ബാക്കിപത്രം കുറച്ച് അംഗീകാരങ്ങളും സാമ്പത്തിക പരാധീനതയുമായിരുന്നു.
സ്കൂൾ പഠന കാലത്ത് തന്നെ നാടക സിദ്ധി പ്രകടമാക്കിയ കൃഷ്ണൻകുട്ടി കോളജ് വേദികളിലും യൂനിവേഴ്സിറ്റി വേദികളിലും അഭിനയത്തിലും ഒപ്പം വരയിലും ശ്രദ്ധേയനായി. കലാലയംവിട്ട് പിന്നീട് കൊടുങ്ങല്ലൂർ തെക്കേ നടയിൽ ‘രോഷനി’ എന്ന പരസ്യ സ്ഥാപനം തുടങ്ങി. ഇതിനിടയിൽ അമേച്ചർ നാടകങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭ വളർത്തിയെടുത്തു.
കേരളത്തിലുടനീളമുള്ള നിരവധി നാടകവേദികളിൽ വൈവിധ്യമാർന്ന വേഷങ്ങളുമായി അഭിനയമുദ്ര ചാർത്തിയ ഈ കൊടുങ്ങല്ലൂർക്കാരൻ അറുപതോളം നാടകങ്ങളും സംവിധാനം ചെയ്തു. നിരവധി അംഗീകാരങ്ങളും ലഭിച്ചു. ഇതോടൊപ്പമാണ് സിനിമകളിലും, സീരിയലുകളിലും ചുവടുകൾ വെച്ചത്.
കലാവേദി, ജയകേരള ആർട്സ് രംഗശ്രീ പെരുമ്പാവൂർ, രംഗസാരഥി കഴിമ്പ്രം തിയറ്റേഴ്സ്, പെരുമ്പാവൂർ നാടകശാല, കൊടുങ്ങല്ലൂർ ധന്യ, ആലപ്പുഴ സപ്തസ്വര, അങ്കമാലി മാനിഷാദ, തൃശ്ശൂർ ഹിറ്റ്സ്, തൃശൂർ സംഘ വേദി, കൊല്ലം കാളിദാസ, തൃശൂർ വാസര, തൃശൂർ യമുന, തൃശൂർ നയന, തൃശൂർ ഭാസുര കോഴിക്കോട് ഹിറ്റ്സ്, കൊച്ചിൻ സാരഥി കൊച്ചിൻ ചന്ദ്ര എന്നിവ ഉൾപ്പെടെ നിരവധി നാടക സംഘങ്ങളിലും കൊടുങ്ങല്ലൂർ കൃഷ്കൻ കുട്ടിയുണ്ടായിരുന്നു.