ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട് വിസ്മയക്കാഴ്ച
text_fieldsഡാവിഞ്ചി സുരേഷ് നിർമിച്ച ചലിക്കുന്ന വിന്റേജ്
കാറിന്റെയും നായ്ക്കളുടെയും ശിൽപം
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് വരുന്നവരില്‍ പലരും ആകാംക്ഷയോടെ തേടിയെത്തുന്ന സ്ഥലമാണ് ഡാവിഞ്ചി കോര്‍ണര്‍. ക്ഷേത്രാങ്കണത്തിൽ തെക്കേ നടയിലുള്ള സ്റ്റേജിനോട് ചേര്‍ന്നാണ് 25 വർഷമായി ഡാവിഞ്ചി സുരേഷിന്റെ അത്ഭുത കാഴ്ചകൾ കാണാനാകുന്നത്.
ഇത്തവണയും താലപ്പൊലി ഉത്സവാഘോഷ കമ്മിറ്റിയും ദേവസ്വം ബോര്‍ഡും അനുവദിച്ച സ്ഥലത്താണ് കൊടുങ്ങല്ലൂര്‍ സ്വദേശി കൂടിയായ കലാകാരന് ഡാവിഞ്ചി സുരേഷിന്റെ സൃഷ്ടി പ്രദര്‍ശിപ്പിക്കുന്നത്.
ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങളുമായി കാഴ്ചക്കാര്‍ക്ക് ആനന്ദം പകരുകയാണ് സുരേഷ്. 2001ലെ താലപ്പൊലിയിൽ ജയന് ഹെലികോപ്ടറിൽ തൂങ്ങിക്കിടക്കുന്ന ശില്പം പ്രദര്‍ശിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ആനയും ഡിനോസറും കിങ് കോങ്ങും ഗോഡ്സില്ലയും തുടങ്ങി ഭീമാകാരമായ ശിൽപങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. ആദ്യകാലങ്ങളില്‍ വലിയ ജീവികള്‍ക്കൊപ്പം സിനിമാതാരങ്ങളുടെ ചലിക്കുന്ന ശിൽപങ്ങളും വെച്ചിരുന്നു കോവിഡ് കാലത്ത് മാത്രമാണ് പ്രദര്‍ശനം ഇല്ലാതിരുന്നത്. കേരളത്തിലെ മറ്റു പല ഭാഗങ്ങളിലും ഇത് പ്രദര്‍ശിപ്പിക്കാറുണ്ട്. പത്തടി മുതല്‍ 35 അടി ഉയരത്തില്‍ വരെ ശിൽപങ്ങള് നിർമിച്ചിട്ടുണ്ട്. മോട്ടോറിന്റെ സഹായത്താലാണ് വലിയ ശിൽപങ്ങളുടെ ശരീര ഭാഗങ്ങള്‍ ചലിപ്പിക്കുന്നത്.
25ാം ശിൽപമായി വെച്ചിരിക്കുന്നത് 25 അടി നീളമുള്ള വിന്റേജ് കാറും അതില്‍ അഞ്ച് വിവിധയിനം നായകളുമാണ്. പ്രതിമ നിർമിക്കാനായി സുരേഷിന്റെ സഹായികളായി പലരും വന്നുപോയി. നിലവില്‍ പത്തോളം പേര്‍ക്ക് ഇതൊരു ജീവിതമാര്‍ഗമാണ്. പി.എസ്. സന്ദീപ്, ബിജു, സി.എസ്. സന്ദീപ്, ഗോകുല്‍, സിവിന്, അഭിജിത്ത്, കാര്‍ത്തിക്, ഗൗരിനന്ദന് തുടങ്ങിയവരാണ് ഇപ്പോൾ സഹായികളായി കൂടെയുള്ളത്.