ഹൈകോടതി ഇടപെടൽ ഫലം കണ്ടു; കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ഇനി ബഹുനില കെട്ടിടത്തിൽ
text_fieldsകൊടുങ്ങല്ലൂർ: ഹൈകോടതിയുടെ ഇടപെടലിനൊടുവിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ആധുനിക ഡയാലിസിസ് യൂനിറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ചുനില കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ആധുനിക സംവിധാനങ്ങളോടെ ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കിയിട്ടുള്ളത്. നിലവിലുള്ള 10 ഡയാലിസിസ് മെഷീനുകളാണ് ആദ്യഘട്ടമായി ഒരുക്കിയിട്ടുള്ളത്. അടുത്ത ആഴ്ചയോടെ അഞ്ച് മെഷീനുകൾ കൂടി സജ്ജീകരിക്കും. ഇതോടെ പ്രതിദിനം 30 പേർക്ക് താലൂക്ക് ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാനാകും.
ഇന്നസെൻറ് എം.പിയായിരിക്കെ നടപ്പാക്കിയ ‘ശ്രദ്ധ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപതിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചത്. കൊടുങ്ങല്ലൂർ നഗരസഭയുടെയും സുമനസ്സുകളുടെയും മറ്റും സഹായത്തോടെയാണ് പൊതുജനങ്ങൾക്ക് സൗജന്യ സേവനം നടത്തിവരുന്നത്. പിന്നീട് മതിലകം േബ്ലാക്ക് പഞ്ചായത്ത് പെരിഞ്ഞനം മെംബർ ആർ.കെ. ബേബിയുടെ ‘ആയൂർ ആരോഗ്യ സൗഖ്യം’ പദ്ധതി മുഖേന പെരിഞ്ഞനം ലയൺസ് ക്ലബ്, സീഷോർമ മുഹമ്മദലി എന്നീ സഹരണത്തോടെയാണ് യൂനിറ്റ് വിപുലീകരിച്ചത്.
എന്നാൽ, പുതിയ ബഹുനില കെട്ടിടത്തിൽ ആധുനിക ഡയാലിസിസ് യൂനിറ്റിന് സൗകര്യമൊരുക്കിയെങ്കിലും പ്രവർത്തനം ആരംഭിച്ചരുന്നില്ല. ഇതിനിടെയാണ് നാലുവർഷങ്ങൾക്കുമുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത അഞ്ചുനില കെട്ടിടം പൂർണമായി പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് ഹൈകോടതിയിൽ പൊതു പ്രവർത്തകരായ ഇ.കെ. സോമൻ, കെ.ടി. സുബ്രഹ്മണ്യൻ എന്നിവർ ഹരജി സമർപ്പിച്ചത്.
ഇതേ തുടർന്ന് ഹൈകോടതിയുടെ നിർദേശ പ്രകാരം ജില്ല ലീഗൽ സർവിസ് അതോറിറ്റി ജഡ്ജി ആശുപത്രിയിൽ സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈകോടതിയിൽ നടന്നുവരുന്ന കേസിലെ വാദത്തിനിടയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ 30നകം ഒന്നാംനിലയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരക്കിട്ട് യൂനിറ്റ് രണ്ടാംനിലയിലേക്ക് മാറ്റിയത്.
മറ്റുനിലകൾ ഒഴിഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിലെ പോരായ്മ പരിഹരിക്കുന്നതിനെക്കുറിച്ച് വിശദമായ രൂപരേഖ തയാറാക്കാൻ ഹൈകോടതി നേരത്തേ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നുവെന്നും കേസിലെ ഹരജിക്കാരുടെ അഭിഭാഷകനായ ഷാനവാസ് കാട്ടകത്ത് പറഞ്ഞു.