കുളത്തിൽ മുങ്ങിത്താഴ്ന്ന ഗൃഹനാഥനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി വീട്ടമ്മ
text_fieldsപ്രതീകാത്മ ചിത്രം
കൊടുങ്ങല്ലൂർ: വീട്ടമ്മ പ്രകടിപ്പിച്ച ആത്മധൈര്യത്തിൽ ആഴമേറിയ കുളത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി ഗൃഹനാഥൻ. സാമൂഹിക പ്രവർത്തകനായ കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി കൊട്ടെക്കാട്ട് അജയനെയാണ് മരണത്തിന്റെ അരികിൽനിന്ന് സമീപവാസിയായ വീട്ടമ്മ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. അജയന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് സംഭവം. ബയോ വേയ്സ്റ്റിലെ ഭക്ഷ്യപദാർഥങ്ങൾ മത്സ്യങ്ങൾക്ക് നൽകാൻ അജയൻ പോകുന്നത് വീട്ടമ്മ ചിത്രമധു കണ്ടിരുന്നു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചുവരുന്നത് കണ്ടില്ല. ഇതോടെ പന്തിക്കേട് തോന്നിയ വീട്ടമ്മ ചെന്ന് നോക്കിയപ്പോഴാണ് കുളത്തിൽ കാൽ വഴുതിവീണ് ബോധരഹിതനായ അജയനെ കണ്ടത്. പിന്നെ ഒന്നും നോക്കാതെ ചിത്ര കുളത്തിൽ ചാടി അജയനെ കരയിലെത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് അജയന്റെ ഭാര്യ മഞ്ജുവും പിറകെ മകളും ഓടിയെത്തി. പൾസ് ഇല്ലാതായതോടെ ഫിസിയോ തെറാപ്പിസ്റ്റുമായ മകൾ അമൃതലക്ഷ്മി ഉടൻ തന്നെ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകി. ഇതിനിടെ ഓടിയെത്തിയവർ വേഗം കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ വീട്ടമ്മക്ക് ചെറിയ പരിക്കേറ്റു. മകൾ അമൃത ലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അജയൻ ദുരന്തമുഖത്ത് നിന്നും അയൽവാസിയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.


