‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ നാടിന് സമർപ്പിക്കുന്നു
text_fields‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ ഗ്രന്ഥത്തിന്റെ കവർപേജ്
കൊടുങ്ങല്ലൂർ: മതിലകം എന്ന ദേശത്തിന്റെ ചരിത്ര സമ്പുഷ്ടതയിലും പ്രസിദ്ധിയിലും രണ്ടുപക്ഷം ഉണ്ടാകില്ല. സംഘകാല കൃതികൾ മുതൽ ഈ നാടിന്റെ ചരിത്ര സവിശേഷതകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അകനാനൂർ, പുറനാനൂർ, ശൂക സന്ദേശം ഉൾപ്പെടെ മാത്രമല്ല തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരവും അതിന്റെ സാക്ഷ്യമാണ്. തെക്കേ ഇന്ത്യയിലെ പ്രമുഖ ജൈന സങ്കേതമായിരന്ന മതിലകത്തിന്റെ മണ്ണിലാണ് ഇളങ്കോവടികൾ ചിലപ്പതികാരം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. മുൻകാല സഞ്ചാരികളുടെ യാത്രാരേഖകളിലും മതിലകമുണ്ട്. മലയാളത്തിലും മതിലകത്തെ കുറിച്ച് പുസ്തകങ്ങളും എഴുത്തുകളും മറ്റും പലവിധമുണ്ട്. അങ്ങനെ ചരിത്രത്തോടൊപ്പം നടന്ന ഈ ദേശത്തെ തികച്ചും വ്യത്യസ്തമായ രചന പാഠവത്തോടെ നാടിന് മുന്നിൽ സമർപ്പിക്കുകയാണ് എഴുത്തുകാരനും പ്രിന്റ് ഹൗസ് പ്രസാധകനുമായ സുനിൽ പി. മതിലകം.
‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ എന്ന സുനിലിന്റെ രചന മതിലകത്തിന്റെ ഭൂതകാല ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തേക്ക് സാധാരണ മനുഷ്യരെയും കൂട്ടികൊണ്ടുള്ള സഞ്ചാരമാണ്. അക്കാദമിക സ്വഭാവം വിട്ട് ജനകീയമായൊരു പറച്ചിലൂടെയാണ് എല്ലാ മനുഷ്യരും ദേശചരിത്രത്തിന്റെ ഭാഗമാണെന്ന് രേഖപ്പെടുത്തുന്നത്. രേഖപ്പെടുത്തിയ ചരിത്രത്തോടൊപ്പം രേഖപ്പെടുത്താതെ പോയ ജീവിതങ്ങളും പ്രധാനമാണ്. ചരിത്ര രചനയുടെ പതിവ് രീതികളിൽ ഇടം പിടിക്കാത്ത അരിക് ജീവിതങ്ങളോടൊപ്പം അനുഭവ പരിസരങ്ങളും കലയും, കായികവും, പരിസ്ഥിതിയുമെല്ലാം സുനിലിന്റെ രചനയിലുണ്ട്.
അഞ്ചുവർഷം നീണ്ട ശ്രമകരമായ ദൗത്യമായ 504 പേജുള്ള ഈ ഗ്രന്ഥം സംഭവബഹുലമായ മതിലകത്തിന്റെ ചരിത്ര സ്പപന്ദനങ്ങളെ 14 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തില് ഓരോ ഭാഗങ്ങളിലും വീണ്ടും ഉപഭാഗങ്ങളും ഉപ അധ്യായങ്ങളുമുണ്ട്. നാട്ടിൻപുറത്തുകാരനും സാധാരണക്കാരനുമായ സുനിലിന്റെ ഈ ചരിത്ര വിവരണം പുതുതലമുറക്ക് കൂടി വഴികാട്ടുന്നതാണ്. രാജാക്കന്മാർക്ക് മാത്രമല്ല ചരിത്രമുള്ളത് ഇവിടെ ജനിച്ചുവീണ മനുഷ്യർക്കും ഈ മണ്ണിനും ഒരു ചരിത്രമുണ്ടെന്നും ഗ്രന്ഥകാരൻ സുനിൽ പി. മതിലകം വ്യക്തമാക്കി.
പ്രകാശനം 29ന്
മതിലകം: സുനിൽ പി. മതിലകം രചിച്ച ‘ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും’ പുസ്തക പ്രകാശനം 29ന് വൈകീട്ട് മൂന്നിന് മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ് അങ്കണത്തിൽ നടക്കും.‘ചങ്ങാതിക്കൂട്ടം’ കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചടങ്ങ് ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. സംവിധായകൻ കമൽ സ്വീകരിക്കും. ഇ.ഡി. ഡേവീസ് പുസ്തകം പരിചയപ്പെടുത്തും.