കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും
text_fieldsഡാവിഞ്ചി സുരേഷ് എ.ഐയിൽ തയാറാക്കിയ കലാഭവൻ മണി ശിൽപം
കൊടുങ്ങല്ലൂർ: കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും. ചിത്രകലാകാരൻ ഡാവിഞ്ചി സുരേഷിന്റെ പുതിയ സൃഷ്ടിയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ കലാഭവൻ മണിയുടെ അനുസ്മരണ വിഡിയോ. എട്ടുവർഷങ്ങൾക്കുമുമ്പ് ചാലക്കുടിയിൽ കലാഭവൻ മണിയുടെ പിതാവിന്റെ പേരിലുള്ള കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ മണിയുടെ അനുജൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണന്റെ നിർദേശപ്രകാരം ഡാവിഞ്ചി സുരേഷ് ഫൈബറിൽ നിർമിച്ച മണിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു. മണിയുടെ ഒമ്പതാമത് ചരമവാർഷികമായ മാർച്ച് ആറിന് ചാലക്കുടിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് തയാറാക്കിയതാണ് എ.ഐ വിഡിയോ.
ശിൽപം പുറത്തേക്ക് നടന്നുവരുന്നതും പ്രസിദ്ധമായ ‘മിന്നാമിനുങ്ങേ’ എന്ന പാട്ട് പാടുന്നതുമാണ് വിഡിയോയിലുള്ളത്. എ.ഐ സാങ്കേതിക വിദ്യയിൽ ശിൽപത്തിന്റെ കുറച്ചുഫോട്ടോകൾ മാത്രം ഉപയോഗിച്ച് ഒന്നര മിനിട്ടുള്ള വിഡിയോ തയാറാക്കിയിരിക്കുകയാണ് സുരേഷ്. സാധാരണ ശിൽപത്തിന്റെ ഫോട്ടോകൾ എ.ഐ ടൂളുകൾ ഉപയോഗിച്ച് മികച്ച വ്യക്തതയുള്ള ഫോട്ടോകൾ തയാറാക്കുകയാണ് ആദ്യം ചെയ്തത്.
പിന്നീട് ചലനാത്മകായ വിഡിയോ സൃഷ്ടിക്കുകയും അതിനുശേഷം പാട്ടിനനുസരിച്ചു ചുണ്ടുകൾക്ക് ചലനം കൊടുക്കുകയുമാണ് ചെയ്തിതിരിക്കുന്നത്. വ്യക്തമായ കൃത്യമായ പ്രോമിറ്റുകൾ വിവിധ എ.ഐ ടൂളുകളിലൂടെ കൊടുത്ത് നിരവധി വിഡിയോ ക്ലിപ്പുകൾ തയാറാക്കിയതിന് ശേഷമാണ് ഗാനത്തിന് ചേർന്ന വിധത്തിൽ എഡിറ്റ് ചെയ്തെടുത്തതെന്നും ഇതിനകം സമൂഹമാധ്യമങ്ങളിൽ മണിയുടെ ആരാധകർ എ.ഐ ഏറ്റെടുത്തിരിക്കുകയാണെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.