കൊടുങ്ങല്ലൂർ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ ട്രോഫി തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ കരസ്ഥമാക്കി. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്, സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കാനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്.
സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ രൂപവത്കരിച്ച അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എച്ച്.ക്യൂ) എ.ഡി.ജി.പി, എസ്. ശ്രീജിത്ത് അധ്യക്ഷനായുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച് ചെയർമാന്റെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനപ്രകാരം മികച്ച സ്റ്റേഷനുകകളെ തെഞ്ഞെടുത്തത്. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ മൂന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിയ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പുരസ്കാര നേട്ടം കേക്ക് മുറിച്ച് ആഘോഷമാക്കി.


