കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി; ലോകത്ത് എവിടെ നിന്നും വായിക്കാം; 113 വർഷത്തെ അക്ഷരപ്പൊലിമ
text_fieldsകൊടുങ്ങല്ലൂർ: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് 113 വർഷത്തെ അക്ഷരപ്പൊലിമയുടെ ചരിത്രം പേറുന്ന കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കാം. അതിനായുള്ള നവീന സംവിധാനം ലൈബ്രറിയിൽ ആവിഷ്കരിച്ചു കഴിഞ്ഞു. ലൈബ്രറിയുടെ വൈവിധ്യമാർന്ന വൻ പുസ്തശേഖരം ഡിജിറ്റിലൈസ് ചെയ്യുകയാണ്.
1912ലാണ് ലൈബ്രറിയുടെ തുടക്കം. പി. ഭാസ്കരന്റെ പിതാവും അഭിഭാഷകനുമായ നന്ത്യേലത്ത് പത്മനാഭ മേനോന്റെ നേതൃത്വത്തിലാണ് ഈ അക്ഷര കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ക്രമേണ കൊടുങ്ങല്ലൂർ പഞ്ചായത്ത് ലൈബ്രറിയും പിന്നീട് മുനിസിപ്പൽ ലൈബ്രറിയുമായി മാറി. ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുള്ള കേരളത്തിലെ ആദ്യ മുനിസിപ്പൽ ലൈബ്രറിയെന്ന പദവി കൊടുങ്ങല്ലൂരിനാണ്.
ഡി-സ്പേസ് എന്ന ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അതുവഴി നഗരസഭയിലെ വിവിധ പദ്ധതിരേഖകൾ, കൊടുങ്ങല്ലൂരിന്റെ ചരിത്രം, ഇ -ബുക്ക്സ്, ഇ-ജേണൽസ് തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. കാവിൽക്കടവിലെ നഗരസഭ മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് റീഡിങ് റൂം ഉൾപ്പെടെയുള്ള ലൈബ്രറി പ്രവർത്തിക്കുന്നത്.
14000ത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. 35 ആനുകാലിക പ്രസിദ്ധീകരണങ്ങളും 13 പത്രങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. കൊടുങ്ങല്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി മുന്നൂറ് സജീവ അംഗങ്ങളുള്ള ലൈബ്രറിയിൽ വർഷംതോറും നിരവധി പേരാണ് പുതുതായി അംഗത്വം എടുക്കുന്നത്. എല്ലാമാസവും ആദ്യത്തെ ശനിയാഴ്ചകളിൽ കെ.എം.എൽ കളിക്കൂട്ടം എന്ന പേരിലുള്ള കുട്ടികളുടെ കൂട്ടായ്മയും ലൈബ്രറിയിൽ നടന്നുവരുന്നു. കോഹ ലൈബ്രറി സോഫ്റ്റ് വെയറിൽ ഫുള്ളി ഓട്ടോമേറ്റഡ് ആയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.