എക്സൈസ് ഓഫിസർ ചമഞ്ഞ് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsഷിജിലാൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കീഴ്ത്തളി എക്സൈസ് ഓഫിസിലെ എക്സൈസ് ഓഫിസറായി ചമഞ്ഞ് മൊബൈൽ ഫോൺ വാങ്ങി നൽകാമെന്നു പറഞ്ഞ് സ്ത്രീയുടെ 33,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കോട്ടയം വൈക്കം ഇരുമുട്ടിത്തറ വീട്ടിൽ ഷിജിലാലിനെയാണ് (38) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. മേത്തല കീത്തോളിയിൽ കഞ്ഞിക്കട നടത്തുന്ന തുരുത്തിപ്പുറം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
പ്രതി സ്ത്രീയുടെ കഞ്ഞിക്കടയിൽ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ടുപോവുകയും എക്സൈസ് ഓഫിസറാണെന്നു പറഞ്ഞ് പരിചയപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ കടയിലെ ആവശ്യത്തിനായി പഴയ ഫോൺ വാങ്ങുന്ന കാര്യം പ്രതിയോട് പറഞ്ഞു. ഇതോടെ പ്രതിയുടെ സഹോദരന് എറണാകുളത്ത് മൊബൈൽ ഷോപ്പ് ഉണ്ടെന്നും അവിടെനിന്ന് തവണ വ്യവസ്ഥയിൽ പണം അടക്കുന്ന രീതിയിൽ ഫോൺ വാങ്ങിനൽകാമെന്നും പറഞ്ഞ് സ്ത്രീയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണയായി സ്ത്രീയുടെ എ.ടി.എം കാർഡ് കൈക്കലാക്കിയും പണം കവർന്നു.
ഷിജിലാൽ പുനലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിപ്പുകേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ.ജി. സജിൽ, പി.എഫ്. തോമസ്, ടി.ജി. സാബു, സി.പി.ഒമാരായ ധനേഷ്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.