വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു പ്രതി പിടിയിൽ
text_fieldsവിജേഷ്
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളിനടയിൽ വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന് രക്ഷപ്പെട്ടയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. എസ്.എൻ പുരം പനങ്ങാട് സ്വദേശി പുതുവീട്ടിൽ വിജേഷ് (42) ആണ് പൊലീസ് പിടിയിലായത്.
പള്ളിനട ഇരുപത്തിയഞ്ചാംകല്ലിനു പടിഞ്ഞാറ് എ.കെ.ജി റോഡ് ഭാഗത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരീപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ ജയക്കാണ് (60) കുത്തേറ്റത്.
തയ്യിൽ വിശ്വനാഥൻ എന്നയാളുടെ വീട്ടിൽ ജോലി ചെയ്യവേ പിന്നിലൂടെ വന്നാണ് അക്രമം നടത്തിയത്. ദേഹത്ത് അഞ്ചിടത്ത് കുത്തേറ്റിട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ തൃശൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവൻ സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐമാരായ അശ്വിൻ, റാഫി, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒ പ്രബിൻ, വലപ്പാട് പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.