ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsശ്രീകുമാർ
കൊടുങ്ങല്ലൂർ: 32.5 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് കേസിൽ ഒരാൾകൂടി പിടിയിൽ. കൊല്ലം അഞ്ചാംലുമൂട് പ്രാക്കുളം സ്വദേശി രോഹിണി നിവാസിൽ ശ്രീകുമാറിനെയാണ് (34) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയിൽനിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് അഞ്ചു ലക്ഷം രൂപ ശ്രീകുമാറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പിൻവലിച്ചത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലത്തുനിന്നാണ് ശ്രീകുമാറിനെ പിടികൂടിയത്. ശ്രീകുമാർ സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് എറണാകുളം ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.
ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട പണമിടപാടുകൾ നടത്തിയതിന് ഇന്ത്യയിലുടനീളം 34 പരാതികൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ.ജി. സജിൽ, പി.എഫ്. തോമസ്, ടി.ജി. സാബു, സി.പി.ഒമാരായ ധനേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.