കാടുകയറിയ പവർലൂം ഫാക്ടറി ഉപയോഗപ്പെടുത്താനൊരുങ്ങി നാട്ടുകാർ; ഉടക്കിട്ട് വ്യവസായ വകുപ്പ്
text_fieldsമേത്തല കടുക്കച്ചുവടിന് സമീപത്തെ പവർലൂം കേന്ദ്രം നഗരസഭ തൊഴിലാളികളും നാട്ടുകാരും വെട്ടിത്തെളിക്കുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പതിറ്റാണ്ടുകളായി ആർക്കും വേണ്ടാതെ കാടുകയറി കിടന്ന പവർലൂം കേന്ദ്രത്തിന് മേൽ ഉടമസ്ഥാവകാശമുന്നയിച്ച് വ്യവസായ വകുപ്പ്. പ്രദേശത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വന്യജീവികളുടെ വാസകേന്ദ്രമായി മാറിയ ഈ സ്ഥലം ഏതാനും ദിവസം മുമ്പ് വെട്ടിത്തെളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യവസായ വകുപ്പ് അനക്കം വെച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂരിലെ മേത്തല കടുക്കച്ചുവട്ടിൽ തട്ടാമുട്ടി പാലത്തിന് സമീപം ഏറെ കാലമായി അടഞ്ഞുകിടക്കുന്ന പവർലൂം ഫാക്ടറിയും ചുറ്റുവട്ടവും നഗരസഭയും നാട്ടുകാരും ചേർന്നാണ് വെട്ടിത്തെളിച്ചത്. പവർലൂം ഫാക്ടറി വളപ്പ് കളി മൈതാനമായി ഉപയോഗിക്കാനും കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനുമായിരുന്നു തീരുമാനം. ഇതോടെയാണ് വ്യവസായ വകുപ്പ് രംഗത്തെത്തിയത്.ജില്ല വ്യവസായ കേന്ദ്രം ലിക്വിഡേറ്ററുടെ ചുമതലയുള്ള കോ ഓപറേറ്റീവ് ഇൻസ്പെക്ടറാണ് നഗരസഭ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയത്.
നിർജീവാവസ്ഥയിലുള്ള പവർലൂം ഫാക്ടറിയും ഭൂമിയും ഏറ്റെടുക്കൽ നടപടികളിലാണെന്നും വ്യവസായ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവർത്തിച്ചിരുന്ന സഹകരണ സംഘം സമാപ്തീകരണ നടപടികളിൽ ആയതിനാൽ സംഘത്തിന്റെ പരിപൂർണ ഉടമസ്ഥാവകാശം വ്യവസായ വകുപ്പിനാണെന്നുമാണ് വകുപ്പിന്റെ വാദം. വ്യവസായ വകുപ്പിന്റെ അനുമതിയില്ലാതെ ഈ സ്ഥലത്ത് കളിസ്ഥലം നിർമാക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഏറെ വർഷമായി കാടുപിടിച്ച് കിടന്നിരുന്ന പവർലൂം വളപ്പ് സാമൂഹികവിരുദ്ധരുടെയും കാട്ടുപന്നി, മലമ്പാമ്പ്, കുറുനരി തുടങ്ങിയ വന്യജീവികളുടെയും മറ്റും സങ്കേതമായതോടെ നാട്ടുകാർ ഭയപ്പാടിലായിരുന്നു. ഈ സാഹചര്യത്തിൽ സ്ഥലവാസികൾ നഗരസഭയെ സമീപിക്കുകയായിരുന്നു. തുടർന്ന് നഗരസഭാ അധികൃതരും നാട്ടുകാരും സ്ഥലം വെട്ടിവെളുപ്പിച്ചതോടെയാണ് വ്യവസായ വകുപ്പ് എതിർപ്പുമായി എത്തിയത്. നേരത്തെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പവർലൂം വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇവിടം വ്യവസായ ഇടനാഴിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇപ്പോൾ പാഴടിഞ്ഞു കിടക്കുന്ന സ്ഥലം വൃത്തിയാക്കിയതോടെ വ്യവസായ വകുപ്പ് ഉടമസ്ഥാവകാശവുമായി മുന്നോട്ട് വന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.