സ്വകാര്യവ്യക്തി ഭക്ഷണം നൽകുന്ന തെരുവുനായ്ക്കൾ ഭീഷണിയെന്ന് റസിഡന്റ്സ് ട്രസ്റ്റ്
text_fieldsകൊടുങ്ങല്ലൂർ: സ്വകാര്യവ്യക്തി വീട്ടിൽ ഭക്ഷണം കൊടുക്കുന്ന തെരുവുനായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാകുന്നതായി പുല്ലൂറ്റ് അടയിനിക്കാട് റസിഡന്റ്സ് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നായ്ക്കൾ വായോധികയും വിദ്യാർഥിയുമുൾപ്പെടെ മൂന്ന് പേരെ ആക്രമിച്ചു.
ഭയന്നോടി വീണ് പലർക്കും പരിക്കേറ്റു. 20 നായ്ക്കൾക്കാണ് സ്വകാര്യവ്യക്തി വീട്ടിൽ ഭക്ഷണം നൽകുന്നത്. അധികൃതർക്ക് പരാതി നൽകിയപ്പോൾ പൊലീസെത്തി നായ്ക്കൾക്ക് ഭക്ഷണം നൽകി വളർത്തുന്നുണ്ടെങ്കിൽ കൂട്ടിലടക്കണമെന്ന് പറഞ്ഞെങ്കിലും ഇയാൾ വഴങ്ങുന്നില്ല.
കഴിഞ്ഞ ദിവസം റോഡിലൂടെ പോയ വിദ്യാർഥിയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. അമ്മ ഓടിയെത്തിയാണ് രക്ഷിച്ചത്. വിദ്യാർഥിക്ക് കൗൺസിലിങ് നടത്തേണ്ടിവന്നു.
നായ്ക്കൾ നിരന്തരം നാട്ടുകാരെ ഓടിക്കുകയും, വസ്തങ്ങൾ, ചെരുപ്പുകൾ തുടങ്ങിയവ നശിപ്പിച്ചിട്ടും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്ന് പിന്തിരിയാൻ ഇയാൾ തയാറാകുന്നില്ല. ചോദ്യം ചെയ്താൽ കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തുന്നു.
നാട്ടുകാർ ഇയാളുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനുള്ള ഒരുക്കത്തിലാണെന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് സി.എസ് ജയരാജൻ, സെക്രട്ടറി പി. കെ സതീഷ് ബാബു, വി.എൻ സജീവൻ, വിജി മുരളീധരൻ, സിന്ധു നീലാംബരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


